അബുദാബി ക്ഷേത്രത്തിൽ ഇനി സന്ദർശകർക്കും ദർശനം; വസ്ത്രധാരണത്തിന് നിബന്ധനകൾ
Mail This Article
അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമായ അബുദാബി ‘ബാപ്സ്’ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്ഷേത്ര ദർശനത്തിനെത്തുമ്പോൾ ധരിക്കേണ്ട വസ്ത്രമുൾപ്പടെയുള്ള മാർഗനിർദേശങ്ങൾ ക്ഷേത്രത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴുത്ത്, കൈമുട്ട്, കണങ്കാൽ എന്നിവയ്ക്കിടയിലുള്ള ശരീരഭാഗം മറച്ചിരിക്കണം. തൊപ്പി, ടീഷർട്ട്, സുതാര്യമായതോ, ഇറുകിയതോ ആയ വസ്ത്രങ്ങൾ, മാന്യമല്ലാത്ത ഡിസൈനിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കരുത്. ശ്രദ്ധ തിരിക്കുന്ന ശബ്ദം, പ്രതിഫലനങ്ങൾ എന്നിവ ഉണ്ടാക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്. ക്ഷേത്ര സമുച്ചയത്തിനുള്ളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ സാധിക്കില്ല. പുറത്തുനിന്നുള്ള ഭക്ഷണം, വെള്ളം എന്നിവയും അനുവദനീയമല്ല. ഡ്രോണുകൾ പറത്താനും അനുവാദമില്ല. മാർഗനിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും നിർദേശമുണ്ട്.
ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ആണ് സന്ദർശകർക്കായി ക്ഷേത്രം തുറന്ന വാർത്ത പങ്കുവച്ചത്. ‘‘കാത്തരിപ്പിന് അവസാനം. അബുദാബി ക്ഷേത്രം സന്ദർശകർക്കും ഭക്തർക്കുമായി തുറന്നിരിക്കുന്നു.’’ ക്ഷേത്രത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് അധികൃതർ അറിയിച്ചു.
ദുബയ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്താണ് ബാപ്സ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. അയ്യായിരത്തോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14ന് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. മാർബിൾ, സാൻഡ് സ്റ്റോൺ എന്നിവ ഉപയോഗിച്ച് നാഗര ശൈലിയിൽ പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ നിർമാണ ചെലവ് 700 കോടി രൂപയാണ്.