‘സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ -പിഎഫ്ഐ ബന്ധം; കലോത്സവത്തിന് ‘ഇൻതിഫാദ്’ എന്ന് പേരിട്ടതിൽ എല്ലാം വ്യക്തം’
Mail This Article
കോഴിക്കോട്∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ - പോപ്പുലർ ഫ്രണ്ട് ബന്ധം വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടുകാരാണ് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന പലരുമെന്ന് നേരത്തേതന്നെ അറിയാവുന്നതാണ്. ക്യാംപസ് ഫ്രണ്ട് ഏതാണ്, എസ്എഫ്ഐ ഏതാണെന്ന് മനസിലാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. സിദ്ധാർഥന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘നിരോധിക്കപ്പെട്ടതോടെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ എസ്എഫ്ഐയായി മാറിയിരിക്കുകയാണ്. കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ്’ എന്ന പേരു നൽകിയത് ഇതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ സിപിഎം, പോപ്പുലർ ഫ്രണ്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അന്നു പ്രതികളെ രക്ഷിച്ചത് സിപിഎമ്മാണ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ എസ്എഫ്‌ഐ നേതാക്കൾ പൊലീസിന്റെ സഹായത്തോടെയാണ് ഒളിവിൽ കഴിയുന്നത്.
ഇത്രയുംകാലം എളമരം കരീം എന്നുവിളിച്ചിരുന്നയാളെ ഇടതുസ്ഥാനാർഥിയായപ്പോൾ ‘കരീംക്ക’യായി കോഴിക്കോട്ട് അവതരിപ്പിക്കുന്ന സിപിഎം എങ്ങനെയും പ്രീണനം നടത്തി മുസ്‌ലിം വോട്ട് സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നും മുസ്‌ലിം വോട്ടിനു വേണ്ടി ഏതറ്റം വരെയും സിപിഎം പോകുമെന്ന് ഉറപ്പായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.