‘കോളറിൽ പിടിച്ചാണോ ആശുപത്രിയിൽ കൊണ്ടുപോകുന്നത്?’: പൊലീസ് ജീപ്പിനു പിന്നാലെ ഓടി പ്രവർത്തകനെ മോചിപ്പിച്ച് ടി.സിദ്ദിഖ് എംഎൽഎ
Mail This Article
വൈത്തിരി∙ പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ വിദ്യാർഥി മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് പിടിച്ചുകൊണ്ടുപോയ പ്രവർത്തകനെ പൊലീസ് ജീപ്പിനു പിന്നാലെ ഓടി മോചിപ്പിച്ച് ടി.സിദ്ദിഖ് എംഎൽഎ. പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയ പ്രവർത്തകനെയാണ് എംഎൽഎയുടെ നേതൃത്വത്തിൽ മോചിപ്പിച്ചത്.
പ്രവർത്തകനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എംഎൽഎ ഡിവൈഎസ്പിയോട് ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകുകയാണ് എന്നാണ് മറുപടി പറഞ്ഞത്. കോളറിൽ പിടിച്ചാണോ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത് എന്ന് ചോദിച്ചാണ് ടി.സിദ്ദിഖ് ഓടിച്ചെന്നത്. ഇതിനിടെ ജീപ്പ് അതിവേഗം മുന്നോട്ടെടുത്തു.
ജീപ്പിനുള്ളിൽനിന്നും പ്രവർത്തകൻ വാതിൽ തുറന്നു ചാടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതോടെ ചില പ്രവർത്തകർ ജീപ്പിനു മുന്നിൽ ചാടി തടഞ്ഞുനിർത്തി. സിദ്ദിഖിന്റെ നേതൃത്വത്തിൽ പ്രവർത്തകനെ ജീപ്പിൽനിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു.
പൊലീസ് ലാത്തിച്ചാർജിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തരായ 7 പേർക്ക് പരുക്കേറ്റു. ലാത്തിച്ചാർജിൽ പരുക്കേറ്റ കെഎസ്‌യു പ്രവർത്തക മെൽ എലിസബത്ത് ബോധംകെട്ടു വീണു. മാധ്യമപ്രവർത്തകരുടെ കാറിലാണ് മെൽ എലിസബത്തിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ആംബുലൻസ് അനുവദിക്കാൻ പൊലീസ് തയാറായില്ലെന്നും പുരുഷ പൊലീസാണ് അടിച്ചതെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.
സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ച് ക്യാംപസിലേക്ക് കയറാൻ ശ്രമിക്കവേ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞിരുന്നു. ഇവിടെ വച്ച് ഉന്തും തള്ളുമുണ്ടായി. തുടർന്ന് എംഎൽഎമാരുടെ നേതൃത്വത്തിൽ സിദ്ധാർഥൻ മരിച്ച ഹോസ്റ്റൽ സന്ദർശിക്കാൻ പോയി. ഇതിൽ ഒരു സംഘം അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലേക്ക് പോയപ്പോഴാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. വെറുതെ നിന്നവരെപ്പോലും മർദിച്ചുവെന്ന് പ്രവർത്തകർ ആരോപിച്ചു.