ADVERTISEMENT

മുംബൈ∙ പൊലീസിന്റെ ലാത്തി പിടിച്ചു വാങ്ങി യുവാവിനെ ക്രൂരമായി മർദിച്ച് ഭരണകക്ഷി എംഎൽഎ. വിദർഭ മേഖലയിലെ ബുൾഡാനയിൽ നിന്നുള്ള ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗായ്ക്ക്‌വാഡ് യുവാവിനെ പൊലീസിന്റെ ലാത്തി ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കഴിഞ്ഞ മാസം 19ന്  ബുൾഡാനയിൽ  ശിവജയന്തി ആഘോഷത്തിനിടെ നടന്ന സംഭവത്തിന്റെ വിഡിയോ ആണ് പ്രചരിച്ചത്. ‌‌പ്രകോപിതനായ എംഎൽഎ യുവാവിനെ മർദിക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നതും പിന്നീട് ലാത്തി പിടിച്ചു വാങ്ങി യുവാവിനെ അടിച്ചു വീഴ്ത്തുന്നതും കാണാം. 

∙ നടപടി വേണമെന്ന് പ്രതിപക്ഷം 

വിഡിയോയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ (കോൺഗ്രസ്) വിഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത് ഭരണപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. യുവാവിനെ ആക്രമിച്ചയാൾ വെറുമൊരു ഗുണ്ടയല്ലെന്നും മുഖ്യമന്ത്രിയുടെ പാർട്ടിയിലെ എംഎൽഎയാണെന്നും ചൂണ്ടിക്കാട്ടി. 

ഇത്തരം സംഭവം  ദിവസവും  ആവർത്തിക്കുകയാണെന്നും എത്രനാൾ മുന്നോട്ടുപോകുമെന്നും വഡേത്തിവാർ  ചോദിച്ചു. പൊലീസിന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി നൽകിയാൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ബുൽഡാന പൊലീസ് സൂപ്രണ്ട് സുനിൽ കടസ്‌നെ പറഞ്ഞു. അടുത്തിടെ സ്ത്രീയുടെ ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടർന്നും ഗായ്ക്ക്‌വാഡ് വിവാദങ്ങളിൽ പെട്ടിരുന്നു.

∙ എംഎൽഎമാരുടെ 'കൈവിട്ട' കളി സർക്കാരിന്  തലവേദന 

ഭരണപക്ഷ എംഎൽഎമാരുടെ 'കൈവിട്ട' പ്രവൃത്തികൾ സർക്കാരിനു തലവേദനയാകുന്നു. കഴിഞ്ഞ മാസം ബിജെപിയുടെ  കല്യാൺ ഈസ്റ്റ് എംഎൽഎ ഗണപത് ഗായ്ക്ക്‌വാഡ്, ഷിൻഡെ വിഭാഗം നേതാവ് മഹേഷ് ഗായ്ക്ക്‌വാഡിനെ വെടിവച്ചു വീഴ്ത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 

ഉല്ലാസ്നഗർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ മഹേഷ് സുഖം പ്രാപിച്ചു വരികയാണ്. അറസ്റ്റിലായ എംഎൽഎ ഇപ്പോൾ റിമാൻഡിലാണ്. ജനുവരിയിൽ പുണെ കന്റോൺമെന്റ് മണ്ഡലത്തിലെ ബിജെപി എംഎൽഎ സുനിൽ കാംബ്ലെ പൊതുപരിപാടിക്കിടെ പൊലീസ് കോൺസ്റ്റബിളിന്റെ കരണത്തടിച്ചത് വിവാദമായിരുന്നു.  

കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭാ കോംപ്ലക്സിന്റെ ലോബിയിൽ ഷിൻഡെ വിഭാഗത്തിലെ മന്ത്രി ദാദാ ഭുസെയും ഷിൻഡെ വിഭാഗത്തിലെ തന്നെ എംഎൽഎ മഹേന്ദ്ര തോർവെയും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയാകുന്നതിന് മുൻപ് മറ്റ് നേതാക്കൾ പിടിച്ചു മാറ്റി. തന്റെ മണ്ഡലവുമായി ബന്ധപ്പെട്ട നടപടികൾ വൈകുന്നതിനെ എംഎൽഎ ചോദ്യം ചെയ്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

English Summary:

Shiv Sena MLA thrashes youth, says he is part of 'anti-social' gang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com