ജനറൽടിക്കറ്റുമായി എസി കോച്ചില്‍ കയറിയ യുവതിയെ ടിടിഇ തള്ളിയിട്ടു; ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടു
Mail This Article
ചണ്ഡിഗഡ്∙ ജനറല്‍ ടിക്കറ്റുമായി എസി കോച്ചില്‍ കയറിയ യുവതിയെ ടിടിഇ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഝലം എക്സ്പ്രസില്‍ നിന്നാണ് യുവതിയെ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ ഫരീദാബാദ് സ്വദേശിയായ ഭാവന എന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു.
Read Also: ‘ആണവ കാർഗോ’ ഇന്ത്യ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ചൈന; പാക്കിസ്ഥാനിലും ‘ചർച്ച’
ഭാവന പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാന്‍ ഒരുങ്ങിയിരുന്നു. ഇതോടെയാണ് യുവതി എസി കോച്ചില്‍ കയറിയത്. തെറ്റായ കോച്ചിലാണു യുവതി കയറുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ട ടിടിഇ യുവതിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.
അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറാമെന്ന് യുവതി പറഞ്ഞെങ്കിലും ടിടിഇ സമ്മതിച്ചില്ല. പിഴ ഈടാക്കിയാലും പ്രശ്നമില്ലെന്ന് യുവതി അറിയിച്ചു. എന്നാല്‍ ആദ്യം യുവതിയുടെ സാധനങ്ങള്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞ ടിടിഇ പിന്നാലെ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. പുറത്തേക്കു വീണ യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി.
യുവതി അപകടത്തിൽപ്പെട്ടതു കണ്ട ട്രെയിനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടണ്ട്. ടിടിഇ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു. ടിടിഇക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.