‘ബംഗാളിലെ അമ്മമാരും സഹോദരിമാരും ദുർഗ ദേവിയെപ്പോലെ ഉയരണം’; കൊണ്ടും കൊടുത്തും മോദിയും തൃണമൂലും
Mail This Article
കൊൽക്കത്ത∙ സന്ദേശ്ഖലിയിലെ പ്രശ്നം മുൻനിർത്തി വാക്‌പോരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൃണമൂൽ കോൺഗ്രസും. ബംഗാളിലെ സ്ത്രീകൾ അന്യായത്തിനെതിരെ രംഗത്തെത്തുമെന്നും സന്ദേശ്ഖലിയിൽ തുടങ്ങിയ ആ കൊടുങ്കാറ്റ് ആ ദ്വീപിൽ മാത്രം ഒതുങ്ങിനിൽക്കില്ല, പകരം ബംഗാളിലെ ഏതു കോണിലേക്കും എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ ഉരുളയ്ക്ക് ഉപ്പേരിപോലെ തിരിച്ചടിച്ച് തൃണമൂലും രംഗത്തെത്തി. ഗുസ്തി ഫെഡറേഷൻ തലവനായിരുന്ന ബ്രിജ് ഭുഷൻ സിങ്ങിന്റെ കാര്യമെടുത്തിട്ടാണ് തൃണമൂൽ എംപി ഡെറെക് ഒബ്രയൻ പ്രധാനമന്ത്രിയുടെ വാദങ്ങളെ വെല്ലുവിളിച്ചത്.
Read also: ആകാശംമുട്ടെ പറക്കാൻ മലയാളിയുടെ വിമാനകമ്പനി; മനോജ് ചാക്കോയുടെ ഫ്ലൈ 91നു എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ്
ബംഗാളിലെ അമ്മമാരും സഹോദരിമാരും ദുർഗ ദേവിയെപ്പോലെ ഉയരണമെന്നു പറഞ്ഞായിരുന്നു ആൾക്കൂട്ടത്തിലെ സ്ത്രീകളെ ചൂണ്ടിക്കാണിച്ച് മോദിയുടെ പ്രസംഗം. ‘‘ചെറുപ്പത്തിൽ തന്നെ വീടുവിട്ടിറങ്ങി രാജ്യത്തുടനീളം അലഞ്ഞുനടന്നിരുന്ന ഒരാളായിരുന്നു ഞാൻ. എന്റെ പോക്കറ്റിൽ ഒരു പൈസയും ഇല്ലായിരുന്നു. പക്ഷേ, ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒന്നോ അല്ലെങ്കിൽ മറ്റൊരു കുടുംബമോ എന്നോടു ദിവസവും ചോദിക്കും. ഞാൻ ഒരു ദിവസം പോലും പട്ടിണി കിടന്നിട്ടില്ല. ഈ രാജ്യത്തെ 140 കോടി ജനങ്ങളും എന്റെ കുടുംബമാണെന്നു ഞാൻ പറയുന്നു. ഞാൻ ഇപ്പോൾ ആ ആനുകൂല്യങ്ങൾ തിരികെ നൽകാൻ ശ്രമിക്കുകയാണ്. ബംഗാളിലെ സ്ത്രീശക്തി രാജ്യത്തിനു ദിശാബോധം നൽകി. പക്ഷേ, ഈ നാട്ടിൽ തൃണമൂൽ ഭരണത്തിനു കീഴിൽ സ്ത്രീകൾ ക്രൂരതകൾ അനുഭവിച്ചു. തൃണമൂൽ കൊടുംപാപം ചെയ്തു. സന്ദേശ്ഖലിയിൽ സംഭവിച്ചത് ഓർക്കുമ്പോൾ എല്ലാവരും ലജ്ജിച്ചു തല താഴ്ത്തും. പക്ഷേ, തൃണമൂൽ സർക്കാർ നിങ്ങളുടെ വേദന കാര്യമാക്കുന്നില്ല. ബംഗാളി സ്ത്രീകളെ പീഡിപ്പിക്കുന്നവരെ സംരക്ഷിക്കാൻ എല്ലാ ശക്തിയും ഉപയോഗിക്കുന്നു. സ്ത്രീ വിരുദ്ധ സർക്കാരാണു ബംഗാൾ ഭരിക്കുന്നത്. സ്ത്രീകൾക്കു വേണ്ടി യാതൊരു പദ്ധതികളും ഈ സർക്കാർ നടപ്പാക്കുന്നില്ല’’ – നരേന്ദ്ര മോദി പറഞ്ഞു. പൊതുസമ്മേളനത്തിനുശേഷം സന്ദേശ്ഖലിയിലെ സ്ത്രീകളെയും മോദി സന്ദർശിച്ചു.
ഇതിനുപിന്നാലെയാണു തൃണമൂൽ എംപി ഡെറെക് ഒബ്രയൻ മോദിക്കെതിരെ രംഗത്തെത്തിയത്. ‘‘ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാരീശക്തിയെക്കുറിച്ചു പ്രഭാഷണം നടത്തി. സർ, നിങ്ങളോടു മൂന്നു ചോദ്യങ്ങൾ - എന്തുകൊണ്ടാണ് ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരെ 51 കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത്, എന്തുകൊണ്ടാണ് ബിജെപിക്ക് 13% സ്ത്രീകൾ മാത്രം ലോക്‌സഭയിൽ ഉള്ളത്, എന്തുകൊണ്ടാണ് ബിജെപിയുടെ 195 സ്ഥാനാർഥി പട്ടികയിൽ 14% സ്ത്രീകൾ മാത്രമുള്ളത്’’ എന്നിങ്ങനെയായിരുന്നു ഡെറെക്കിന്റെ ചോദ്യങ്ങൾ. ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതിനു ബിജെപി എംപിക്കെതിരെ എന്തുകൊണ്ടു നടപടിയെടുത്തില്ലെന്നും ഡെറെക് ഒബ്രയൻ ചോദിച്ചു. ബിജെപി എംപിയും മുൻ ഗുസ്തി ഫെഡറേഷൻ തലവനുമായിരുന്ന ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെയാണ് തൃണമൂൽ നേതാവ് പരാമർശിച്ചത്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ബ്രിജ് ഭൂഷനു ഗുസ്തി ഫെഡറേഷൻ പദവിയിൽനിന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു.