ഹൂതികള്‍ ആക്രമിച്ച കപ്പലില്‍നിന്ന് ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന - വിഡിയോ
Mail This Article
ന്യൂഡല്‍ഹി∙ ഹൂതി ഭീകരര്‍ മിസൈല്‍ ആക്രമണം നടത്തിയ ചരക്കുകപ്പലില്‍നിന്ന് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്തയാണ് ബാര്‍ബഡോസ് പതാകയുള്ള കപ്പലില്‍നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഏദന്‍ കടലിടുക്കിലായിരുന്നു സംഭവം.
ബുധനാഴ്ച ഹൂതി ഭീകരര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കപ്പലിനു തീപിടിച്ചതോടെ ഒരു ചെറുബോട്ടില്‍ കയറിയ ജീവനക്കാരെയാണ് ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററും ബോട്ടുകളും ഉപയോഗപ്പെടുത്തി, പരുക്കേറ്റവരുള്‍പ്പെടെ 21 ജീവനക്കാരെ ജിബൂട്ടിയിലെത്തിക്കുകയായിരുന്നു.
ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കരീബിയൻ രാജ്യമായ ബാർബഡോസിനു വേണ്ടി സർവീസ് നടത്തുകയായിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിനിരയായ ഗാസയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഒക്‌ടോബർ മുതൽ ഇസ്രയേലുമായി ബന്ധമുണ്ടെന്നു കരുതുന്ന നിരവധി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു. കപ്പലുകൾക്കു നേരെ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളും യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിനും ഏഷ്യയ്‌ക്കും ഇടയിലുള്ള പ്രധാന പാതയായ ഇവിടെയാണ് ഷിപ്പിങ് ട്രാഫിക്കിന്റെ 15 ശതമാനവും വരുന്നത്.