കൊല്ലം–ചെങ്കോട്ട പാതയിൽ കോച്ചുകൾ കൂട്ടാൻ അനുമതി; പാലരുവി ഉൾപ്പെടെ 4 ട്രെയിനുകളിൽ കോച്ചുകൾ കൂട്ടും
Mail This Article
പത്തനംതിട്ട∙ കൊല്ലം–ചെങ്കോട്ട റെയിൽ പാതയിൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ അനുമതി. കോച്ചുകളുടെ എണ്ണം ഇപ്പോഴുള്ള 14ൽ നിന്ന് 22 ആയി ഉയർത്താൻ തടസ്സമില്ലെന്നു കാണിച്ചു പാതയിൽ പരിശോധനകൾ നടത്തിയ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേട്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ദക്ഷിണ റെയിൽവേയ്ക്കു റിപ്പോർട്ട് നൽകി. ചില സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം കുറവായതിനാൽ 18 കോച്ചുകൾ വരെയാകും ആദ്യ ഘട്ടത്തിൽ കൂട്ടുക. ദക്ഷിണ റെയിൽവേയുടെ ആവശ്യപ്രകാരം ജനുവരിയിലാണു പാതയിൽ ആർഡിഎസ്ഒ കപ്ലർ ഫോഴ്സ് ട്രയലും എമർജൻസി ബ്രേക്കിങ് ഡിസ്റ്റൻസ് പരിശോധനയും നടത്തിയത്.
Read Also: വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ, പൊലീസ് ചോദ്യം ചെയ്യുന്നു
ഇപ്പോൾ 14 കോച്ചുകളുമായാണു ട്രെയിനുകൾ ഈ റൂട്ടിൽ ഓടുന്നത്. പാലക്കാട്–തിരുനെൽവേലി പാലരുവി, ഗുരുവായൂർ–മധുര എക്സപ്രസ്, എറണാകുളം–വേളാങ്കണ്ണി ബൈവീക്ക്‌ലി, കൊല്ലം–ചെന്നൈ എഗ്മൂർ എക്സ്പ്രസ് എന്നിവയാണു ഇതുവഴിയുള്ള ട്രെയിനുകൾ. പുനലൂർ, ആവണീശ്വരം സ്റ്റേഷനുകളിലാണു 22 കോച്ചുകൾ നിർത്താൻ സൗകര്യമുള്ളത്. ആര്യങ്കാവ്, തെൻമല, കൊട്ടാരക്കര, കുണ്ടറ സ്റ്റേഷനുകളിൽ കൂടി പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടിയാൽ 22 കോച്ചുകളുള്ള ട്രെയിനുകൾ ഇതുവഴി ഓടിക്കാൻ കഴിയും. മധുര ഡിവിഷനാണു നടപടിയെടുക്കേണ്ടത്. പ്ലാറ്റ്ഫോം നീളം കൂട്ടാതെ ജനറൽ കോച്ചുകളുടെ സ്ഥാനം മാറ്റിയും റിസർവേഷൻ ക്വോട്ട പുനക്രമീകരിച്ചും 22 കോച്ചുകളോടിക്കാൻ കഴിയും.
കോച്ചുകൾ കുറവായതിനാൽ പാലരുവിയിലും ഗുരുവായൂർ–മധുര ട്രെയിനിലും കാലുകുത്താൻ കഴിയാത്ത തിരക്കാണ്. കോച്ചുകൾ കൂട്ടാൻ അനുമതി ലഭിച്ചതോടെ ഈ ട്രെയിനുകളിലെല്ലാം കൂടുതൽ പേർക്കു യാത്ര ചെയ്യാൻ കഴിയും. ചെന്നൈയിലേക്കും വേളാങ്കണ്ണിയിലേക്കും ടിക്കറ്റ് കിട്ടാത്ത പ്രശ്നത്തിനും ഇതോടെ പരിഹാരമാകും. മാസങ്ങൾക്കു മുൻപു ബുക്ക് ചെയ്താലാണ് ഇപ്പോൾ ഈ ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കുന്നത്. 4 സ്ലീപ്പർ കോച്ചുകൾ കൂട്ടുമ്പോൾ കൊല്ലത്തുനിന്നു ചെന്നൈയിലേക്കുള്ള ട്രെയിനിൽ 288 ബെർത്തുകൾ അധികമായി ലഭിക്കും.
വേളാങ്കണ്ണി ട്രെയിനിൽ എസി കോച്ചുകൾ കൂട്ടണമെന്ന ആവശ്യവും വൈകാതെ നടപ്പാകും. താംബരം–ചെങ്കോട്ട ട്രൈവീക്ക്‌ലി, മയിലാടുതുറ–ചെങ്കോട്ട ട്രെയിനുകൾ കൊല്ലത്തേക്കു നീട്ടാൻ സാധിക്കും. മധുര–കോട്ടയം രാത്രികാല ട്രെയിൻ, തിരുനെൽവേലി–കൊല്ലം മെമു എന്നിവ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.