ഉദ്ഘാടനത്തിനു മുൻപ് ടോൾ പിരിവ്; തലശ്ശേരി – മാഹി ബൈപ്പാസിനെച്ചൊല്ലി രാഷ്ട്രീയ പോര്
Mail This Article
കണ്ണൂർ ∙ ഉദ്ഘാടനത്തിനു മുൻപ് ടോൾ പിരിവ് ആരംഭിച്ച തലശ്ശേരി - മാഹി ബൈപ്പാസിനെച്ചൊല്ലി രാഷ്ട്രീയ പോര്. ബൈപ്പാസിന്റെ ഒരുഭാഗം കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലും മറ്റൊരു ഭാഗം വടകര ലോക്‌സഭാ മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ എൻഡിഎയും എൽഡിഎഫും വലിയ രാഷ്ട്രീയ പോരിനാണ് തയാറെടുക്കുന്നത്. വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണയുടെയും കണ്ണൂരിലെ സ്ഥാനാര്‍ഥി സി.രഘുനാഥിന്റേയും വലിയ ഫ്ളക്സ് ബോർഡുകള്‍ ടോള്‍ ബൂത്തിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. ബൈപ്പാസിലൂടെ എന്‍ഡിഎ, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ റോഡ്‌ഷോയും ഇന്ന് സംഘടിപ്പിക്കും.
40 വര്‍ഷമായി മുടങ്ങിക്കിടന്ന ബൈപ്പാസ് സഫലമാക്കിയ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള എഴുത്ത് ഫ്‌ളക്‌സിലുണ്ട്. ഇന്നാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ നീളംകൂടിയ കോണ്‍ക്രീറ്റ് റോഡായ തിരുവനന്തപുരത്തെ മുക്കോല - കാരോട് ദേശീയപാത ഭാഗവും ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുനല്‍കും. പ്രധാനമന്ത്രി ഓൺലൈൻ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പുതുച്ചേരി ഗവർണർ തമിഴിസൈ സൗന്ദർ രാജൻ, കേന്ദ്രമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, പുതുച്ചേരി പൊതുമരാമത്ത് മന്ത്രി കെ.ലക്ഷ്മി നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.
പൊതുമരാത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സ്പീക്കർ എ.എൻ.ഷംസീർ എന്നിവർ തലശ്ശേരി ചോനാടത്ത് ഒരുക്കുന്ന വേദിയിലെത്തും. ഉദ്ഘാടനച്ചടങ്ങിനായി ചോനാടത്ത് ബൈപാസിന്റെ പാലത്തിനടിയിൽ 1,000 പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 11-ന് കലാപരിപാടികളോടെ തുടങ്ങുന്ന ആഘോഷം ഉച്ചയ്ക്ക് രണ്ടു വരെ തുടരും. പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചാൽ തുറന്ന വാഹനത്തിൽ മന്ത്രിയും സ്പീക്കറുമുൾപ്പെടെയുള്ളവർ ചോനാടത്തുനിന്ന് മുഴപ്പിലങ്ങാട് വരെയും മുഴപ്പിലങ്ങാട് നിന്ന് അഴിയൂർ വരെയും യാത്ര ചെയ്യും.