4 വർഷത്തെ അനുഭവമെന്താണ്? ഏതെങ്കിലും മുസ്ലിമിനെ പാക്കിസ്ഥാനിലേക്ക് അയച്ചോ?: അബ്ദുല്ലക്കുട്ടി
Mail This Article
കോഴിക്കോട്∙ വിവാദ പൗരത്വ നിയമ വ്യവസ്ഥകളുമായി (സിഎഎ) ബന്ധപ്പെട്ട് കോൺഗ്രസ്, കമ്യൂണിസ്റ്റ് നേതാക്കൾ വ്യാജ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി രംഗത്ത്. ഈ നിയമം ആരുടെയും പൗരത്വം എടുത്തുകളയുന്നതിനല്ലെന്നും, ഹതഭാഗ്യരായ ഒരുകൂട്ടം ആളുകൾക്ക് പൗരത്വം നൽകുന്നതിനുള്ളതാണെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ നാലു വർഷത്തിനിടയ്ക്ക് ഈ നിയമത്തിന്റെ പേരിൽ ആരെയെങ്കിലും പാക്കിസ്ഥാനിലേക്ക് അയയ്ക്കുകയോ ഏതെങ്കിലും മുസ്‍ലിമിന് പൗരത്വം നഷ്ടമാകുകയോ ചെയ്തോയെന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു.
Read also: ഹരിയാനയിൽ ഭൂരിപക്ഷം തെളിയിച്ച് നായബ് സിങ് സൈനി; 5 ജെജെപി എംഎൽഎമാർ ഇറങ്ങിപ്പോയി
‘‘സിഎഎ യാഥാർഥ്യമായതിനെ തുടർന്ന് കോൺഗ്രസും ഇടതുപാർട്ടികളും വ്യാപകമായി മുസ്‍ലിം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. അവരെ ഭയപ്പെടുത്തി പേടിസ്വപ്നങ്ങളുണ്ടാക്കി വലിയൊരു ജനവിഭാഗത്തെ അസ്വസ്ഥമാക്കുകയാണ്. ഇതിൽനിന്ന് ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ്, കമ്യൂണിസ്റ്റ് നേതാക്കൾ പിന്തിരിയണമെന്നാണ് ഞങ്ങൾക്ക് അപേക്ഷിക്കാനുള്ളത്. കാരണം ഈ നിയമം ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്നതിനല്ല. ഹതഭാഗ്യരായ കുറേ ആളുകൾക്ക് പുതുതായി പൗരത്വം നൽകുന്നതിനുള്ളതാണ്.
‘‘2019ൽ ഈ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഇവിടെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും പ്രചരിപ്പിച്ചത് എന്താണ്? മുസ്‍ലിംകളെയെല്ലാം പാക്കിസ്ഥാനിലേക്ക് അയയ്ക്കാൻ പോകുന്നു. മുസ്‍ലിംകൾക്ക് ഇനി ഇന്ത്യയിൽ ജീവിക്കാൻ പറ്റില്ല. എന്നിട്ട് എന്താണ് കഴിഞ്ഞ നാലു വർഷത്തെ അനുഭവം? ഏതെങ്കിലും മുസ്‌ലിംകളെ പാക്കിസ്ഥാനിലേക്ക് അയച്ചോ? ഏതെങ്കിലും മുസ്‍ലിംകളുടെ പൗരത്വം നഷ്ടപ്പെട്ടോ? ബിജെപിയുടെ ഉത്തരവാദപ്പെട്ട ഒരു കാര്യകർത്താവ് എന്ന നിലയിൽ വളരെ ശക്തമായ ഭാഷയിൽ പറയട്ടെ, ഈ നിയമത്തിന്റെ പേരിൽ ഇന്ത്യയിലെ 18 കോടി മുസ്‍ലിംകളിൽ ഒരാളുടെയെങ്കിലും പൗരത്വത്തെ ബാധിക്കുകയാണെങ്കിൽ അവർക്കു വേണ്ടി മുന്നിൽനിന്ന് പ്രവർത്തിക്കാൻ ഞങ്ങളുണ്ടാകും.
‘‘ഒരു ആശങ്കയുടെയും ആവശ്യമില്ല. ഇവിടെ ബംഗ്ലദേശിൽനിന്നും പാക്കിസ്ഥാനിൽനിന്നും പീഡിപ്പിക്കപ്പെട്ട് തുരത്തിയോടിക്കപ്പെട്ട പാവപ്പെട്ടവർക്ക് പൗരത്വം നൽകണമെന്ന വിഷയം വളരെ വൈകാരികമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണെന്ന് കോൺഗ്രസുകാർക്ക് അറിയുമോ? കമ്യൂണിസ്റ്റുകാർക്ക് അറിയുമോ? ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്‍ഞനും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങാണ്. 2003ൽ പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗമുണ്ട്. അന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി എൽ.കെ.അഡ്വാനിയുടെ കണ്ണുനിറഞ്ഞുപോയി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
‘‘എന്താണ് അദ്ദേഹം ആവശ്യപ്പെട്ടത്? പാക്കിസ്ഥാനിൽനിന്ന് അടിച്ചോടിക്കപ്പെട്ട സിഖുകാർ, മുസ്‍ലിംകൾ, പാഴ്സികൾ, ജൂതൻമാർ, ബുദ്ധമതക്കാർ... ഈ പാവപ്പെട്ട ഹതഭാഗ്യരായ മനുഷ്യർക്ക് പൗരത്വം നൽകണമെന്ന് വളരെ വികാരാധീനനായി ഡോ. മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. മൻമോഹൻ സിങ്ങിന്റെയൊക്കെ ഉപദേശങ്ങളും നിർദ്ദേശങ്ങളും നമ്മുടെ രാജ്യം കുറേ സമയമെടുത്ത് ചർച്ച ചെയ്താണ് നടപ്പിലാക്കുന്നത്. അതുകൊണ്ട് ഇത് മുസ്‍ലിംകളുടെ പൗരത്വം കളയാനാണ് എന്നുള്ളത് കള്ളപ്രചാരണമാണ്. ഇതിൽനിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കൾ പിൻമാറണമെന്നാണ് ഞങ്ങൾക്ക് അഭ്യർഥിക്കാനുള്ളത്.’’ – അബ്ദുല്ലക്കുട്ടി പറഞ്ഞു.