വെടിയുണ്ട കൈപ്പത്തിയിൽ തുളച്ചുകയറി; എന്നിട്ടും 30 കിലോമീറ്റർ ബസ് ഓടിച്ച് ഡ്രൈവറുടെ ധീരത
Mail This Article
മുംബൈ∙ കവർച്ചക്കാരുടെ വെടിയേറ്റ ശേഷവും 30 കിലോമീറ്ററോളം ബസ് ഓടിച്ചു പൊലീസ് സ്റ്റേഷൻ വരെ എത്തിച്ച ഡ്രൈവറുടെ ധീരത യാത്രക്കാർക്ക് രക്ഷയായി. ഗോംദേവ് കാവ്ഡെ എന്ന ഡ്രൈവറാണ് സിനിമ സ്റ്റൈലിൽ കവർച്ചക്കാരെ വെട്ടിച്ച് 35 യാത്രക്കാരുടെ ജീവൻ കാത്തത്. അമരാവതിക്കും നാഗ്പുരിനും ഇടയിലെ ഹൈവേയിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം.
35 തീർഥാടകരുമായി ബുൽഡാനയിൽനിന്ന് നാഗ്പുരിലേക്ക് വരുമ്പോഴാണ് തോക്കുധാരികളായ കവർച്ചക്കാർ ആക്രമിച്ചത്. ബസ് നിർത്താത്തതിനെ തുടർന്ന് കവർച്ചക്കാർ ഡ്രൈവറുടെ നേർക്ക് വെടിവച്ചു. ഒരു വെടിയുണ്ട കാവ്ഡെയുടെ കൈപ്പത്തിയിൽ തുളച്ചു കയറി. ചോരയൊലിക്കുന്ന കയ്യുമായി വേദന കടിച്ചമർത്തിയായിരുന്നു തുടർന്നുള്ള ഡ്രൈവിങ്.
പൊലീസ് സ്റ്റേഷനിൽ എത്തും വരെ സ്റ്റീയറിങിൽനിന്ന് കാവ്ഡെ കയ്യെടുത്തില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കവർച്ചക്കാർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. കാവ്ഡെയുടെ ബസ് പിന്തുടർന്ന ദിവസം തന്നെ മറ്റൊരു ട്രക്ക് തടഞ്ഞു നിർത്തി ഇവർ 20,000 രൂപ കവർന്നിരുന്നു.