കടപ്പത്ര വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി; എസ്ബിഐ നൽകിയത് ഡിജിറ്റല്‍ രൂപത്തിൽ
Mail This Article
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമായിരിക്കും പരിശോധന. ജമ്മു കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തും. ഇതോടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനുള്ള കമ്മിഷന്റെ സംസ്ഥാന സന്ദർശനങ്ങൾ പൂർത്തിയാകും.
Read also: 4987 പേരെ ചികിത്സിച്ചു, 30 വർഷത്തെ ആയുസ്സ്; 60 കോടിയുടെ ടാറ്റ കോവിഡ് ആശുപത്രി പൊളിക്കുന്നു...
തിരഞ്ഞെടുപ്പ് കടപ്പത്രത്തിലെ വിവരങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തിലാണ് വിവരങ്ങള്‍ കൈമാറിയത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെ തുടര്‍ന്നാണു നടപടി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിവരങ്ങള്‍ 15നു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. എസ്ബിഐ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പതിനഞ്ചിന് ഉള്ളില്‍ പ്രസീദ്ധീകരിക്കുന്നത് കമ്മിഷന് വെല്ലുവിളിയാകുമെന്നാണ് സൂചന. ഇതിനിടെ, കോടതി ഉത്തരവ് തടയണമെന്ന അസാധാരണ ആവശ്യം സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് ഉന്നയിച്ചിട്ടുണ്ട്.
ഓരോ പാർട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന വിവരം എസ്ബിഐ ക്രോഡീകരിച്ച് നൽകിയിട്ടില്ല. ഇതിനു ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ടാണ് എസ്ബിഐ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. കയ്യിലുള്ള വിവരങ്ങൾ നൽകാൻ കോടതി നിർദേശിച്ചു. ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ബോണ്ടുകളുടെ വിവരവും ഓരോ പാർട്ടിക്കും അത് ലഭിച്ചതിന്റെ വിശദാംശങ്ങളും പ്രത്യേകമായാണ് നൽകിയതെന്നാണ് സൂചന.