5,000 കോടി നൽകാമെന്ന് കേന്ദ്രം, വാങ്ങിക്കൂടേ എന്നു സുപ്രീം കോടതി; ഒന്നിനും തികയില്ലെന്ന് കേരളം
Mail This Article
ന്യൂഡൽഹി ∙ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിനു 5,000 കോടി രൂപ നൽകാമെന്നു കേന്ദ്ര സർക്കാർ. എന്നാൽ 10,000 കോടിയെങ്കിലും വേണം എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. സുപ്രീം കോടതി പറഞ്ഞതു കൊണ്ടാണ് ഇതു സമ്മതിക്കുന്നതെന്നു വാദപ്രതിവാദത്തിനിടെ കോടതിയിൽ കേന്ദ്രം പ്രതികരിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ തുക ഉടൻ നൽകാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
സുപ്രീം കോടതിയിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകർ തമ്മിൽ വലിയ വാദപ്രതിവാദമാണു നടന്നത്. മറ്റു സംസ്ഥാനങ്ങൾക്കൊന്നും നൽകാത്ത ഇളവുകളാണു കേരളത്തിനു നൽകുന്നതെന്ന് കേന്ദ്രം ഓർമിപ്പിച്ചു. മറ്റുള്ളവരും ആവശ്യപ്പെട്ടെങ്കിലും മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. 5,000 കോടി ഒന്നുമാകില്ലെന്നും 10,000 കോടിയെങ്കിലും കിട്ടണമെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു.
Read Also: ബെംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്ന മൃതദേഹം; ‘അച്ഛനെ’ കാണാനില്ല...
5,000 കോടി വാങ്ങിക്കൂടേയെന്നു കോടതി കേരളത്തോടു ചോദിച്ചെങ്കിലും വേണ്ടെന്നു സംസ്ഥാന സർക്കാർ നിലപാടെടുത്തു. 21–ന് കേസിൽ വിശദമായ വാദം കേൾക്കും. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു തവണത്തേക്കു കൂടുതൽ വായ്പയെടുക്കാൻ കേരളത്തെ അനുവദിക്കണമെന്നു സുപ്രീം കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. കേരളത്തിന്റെ ആവശ്യം വിശാല മനസ്സോടെ പ്രത്യേക കേസായി പരിഗണിക്കാനാണ് ആവശ്യപ്പെട്ടത്. അടുത്ത സാമ്പത്തികവർഷം കർശന വ്യവസ്ഥകൾ സ്വീകരിക്കാമെന്നും വ്യക്തമാക്കി.
10 ദിവസം ഇളവ് അനുവദിച്ചുകൂടേയെന്നു കോടതി ചോദിച്ചപ്പോഴാണു തീരുമാനം അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. നടപ്പു സാമ്പത്തിക വർഷമാണ് പ്രതിസന്ധിയെന്നു കോടതി പറഞ്ഞപ്പോൾ, പരമാവധി കൊടുത്തുകഴിഞ്ഞു എന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. പ്രത്യേക സാഹചര്യത്തിൽ വ്യവസ്ഥകളിൽ ഇളവു നൽകിയാലുള്ള പ്രശ്നമെന്താണെന്നു കോടതി ചോദിച്ചപ്പോൾ, മറ്റു സംസ്ഥാനങ്ങളും ചോദിക്കുമെന്നായിരുന്നു മറുപടി. കേരളം ഹർജി നൽകിയെന്ന കാരണം പറഞ്ഞ് അർഹമായ പണം തടഞ്ഞുവച്ചതിനെ കോടതി നേരത്തേ വിമർശിച്ചിരുന്നു.