ADVERTISEMENT

തിരുവനന്തപുരം ∙ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‍ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതാണ് ഈ നിയമം. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറിൽനിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read also: ‘ഭയാനകമായ നിയമം’: സിഎഎയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സിപിഐയും

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽനിന്ന്:

ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധ വർഗീയ അജണ്ടയുടെ ഭാഗവുമായ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആ നിലപാട് എല്ലാ തലത്തിലും ഉറപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഒറിജിനൽ സ്യൂട്ട് സുപ്രീം കോടതിയിൽ നിലവിലുണ്ട്. ചട്ടങ്ങൾ പുറപ്പെടുവിച്ച് നിയമം തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ധൃതിപിടിച്ച് നടപ്പാക്കുന്ന കേന്ദ്ര നീക്കത്തിന്റെ പശ്ചാത്തലത്തിൽ നിയമപരമായ തുടർ നടപടികൾക്ക് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായതും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണ് ഈ നിയമം. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്. വിഭജന രാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ ഈ നടപടി രാജ്യാന്തരതലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഐക്യരാഷ്ട്രസംഘടനയിൽ നിന്നടക്കം, ഈ നിയമത്തിന്റെ വിവേചന സ്വഭാവത്തെക്കുറിച്ച് വിമർശനം ഉയർന്നിരിക്കുന്നു.

സിഎഎ എല്ലാ അർഥത്തിലും ഇന്ത്യയെന്ന ആശയത്തിനെതിരായ വെല്ലുവിളിയാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31നോ അതിന് മുൻപോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‍ലിം ഇതരമത വിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകുക; ഇസ്‍ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുക ഇതാണ് ഈ നിയമത്തിന്റെ കാതൽ. ഇത് ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. പ്രത്യേക മത വിശ്വാസത്തെ പൗരത്വം നിർണയിക്കുന്ന വ്യവസ്ഥയാക്കുകയാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണിത്. മുസ്‍ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നു. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറുകളിൽ നിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്.

അനധികൃത കുടിയേറ്റക്കാർ എന്ന പ്രയോഗം ആദ്യമായി പൗരത്വ നിയമത്തിൽ വരുന്നത് 2003 ൽ വാജ്പേയി സർക്കാരിന്റെ കാലത്താണ്. എന്നാൽ ആരാണ് അനധികൃത കുടിയേറ്റക്കാർ എന്നത് നിർവചിക്കപ്പെട്ടത് മതാടിസ്ഥാനത്തിലായിരുന്നില്ല. 2019ലെ ഭേദഗതിയാണ് പൗരത്വത്തെ നിർവചിക്കാനുള്ള അടിസ്ഥാനമാക്കി മതത്തെ മാറ്റിയത്. മതത്തെ അടിസ്ഥാനപ്പെടുത്തിയ പൗരത്വ സങ്കൽപം രാജ്യത്തിന്റെ ഭരണഘടനയിലുള്ളതല്ല. ഇന്ത്യൻ ഭരണഘടനയുടെ 14, 21, 25 എന്നീ വകുപ്പുകളുടെയും ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന്റെയും ലംഘനമാണ് ഈ നിയമം. മൗലികാവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ ഒരു നിയമവും സർക്കാരുകൾക്ക് കൊണ്ടുവരാൻ കഴിയില്ല.

ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ ഭൂപ്രദേശത്തിനകത്ത് ഏവർക്കും നിയമത്തിനു മുൻപിൽ സമത്വവും തുല്യമായ നിയമ സംരക്ഷണവും ഉറപ്പു നൽകുന്നു. കുടിയേറ്റക്കാരെ മുസ്‍ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതിലൂടെ ഇന്ത്യ എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ ധാർമികതയ്ക്ക് വിരുദ്ധമായി, മതപരമായ വിവേചനത്തെ നിയമപരമാക്കാൻ ശ്രമിക്കുകയാണ്. അയൽ രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെങ്കിൽ, ആ രാജ്യങ്ങളിൽ പീഡനം നേരിടുന്ന മുസ്‍ലിം മതന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് ഉൾപ്പെടുത്താത്തത്? പാകിസ്ഥാനിലെ അഹമ്മദിയ മുസ്‍ലിംകളും അഫ്ഗാനിസ്ഥാനിലെ ഹസ്സരാ വിഭാഗക്കാരും മ്യാൻമറിലെ റോഹിങ്ക്യകളും ശ്രീലങ്കൻ തമിഴ് വംശജരുമെല്ലാം പൗരത്വത്തിന്റെ പടിക്കു പുറത്താവുന്നത് പൗരത്വ ഭേദഗതി നിയമത്തിന്റെ രാഷ്ട്രീയലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നത്. റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് എന്നതുകൂടി ഓർമിക്കണം. കുടിയേറിയ മുസ്‍ലിംകളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് സിഎഎയുടെ യഥാർഥ ലക്ഷ്യം.

ബുദ്ധമതക്കാരും ഹിന്ദുക്കളും സിഖുകാരും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്ന് നീക്കം ചെയ്യുമെന്ന് പലവട്ടം കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. എൻആർസി ബംഗാളിൽ മാത്രമല്ല ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുമെന്നും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പ്രഖ്യാപിച്ചു. 2019 നവംബർ 21നും 2019 ഡിസംബർ 21നും പാർലമെന്റിൽ അമിത് ഷാ ഇക്കാര്യം ആവർത്തിക്കുകയുണ്ടായി. എൻആർസി രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്നും ഒരു നുഴഞ്ഞുകയറ്റക്കാരനേയും വിടില്ലെന്നുമാണ് അന്ന് പറഞ്ഞത്. കേന്ദ്ര സർക്കാർ 2019ൽ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയെടുത്തപ്പോൾ തന്നെ അതിനെതിരെ പ്രതിഷേധവുമായി കേരളമാകെ ഒന്നിച്ചണിനിരന്നു.

മതനിരപേക്ഷതയിൽ നിന്ന് വ്യതിചലിക്കുന്നത് ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് തുല്യമാണെന്ന് എൽഡിഎഫ് സർക്കാർ അന്ന് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം മനുഷ്യത്വ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്ന നിലപാട് തുടക്കം മുതൽ സർക്കാർ ആവർത്തിച്ചു. പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ (എൻആർസി) ജനസംഖ്യ റജിസ്റ്ററോ (എൻപിആർ) കേരളത്തിൽ നടപ്പാക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം.

എല്ലാവരേയും ഒരുമിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് സർക്കാർ അന്ന് മുൻകയ്യെടുത്തത്. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് യോജിച്ച പ്രക്ഷോഭത്തിനാണ് തയാറായത്. സർക്കാർ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയും തുടർന്നുനടന്ന സർവകക്ഷി യോഗവും ഈ വിഷയത്തിൽ ഐക്യം രൂപപ്പെടുത്തി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയാണ് രാജ്യത്ത് ആദ്യം പ്രമേയം പാസാക്കിയത്. 2019 ഡിസംബറിലായിരുന്നു ഇത്. ഈ വിഷയത്തിൽ മുൻകയ്യെടുക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് 13 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി എന്ന നിലയിൽ കത്തെഴുതുകയുമുണ്ടായി. വിശാലമായ യോജിപ്പിന് വഴിതുറക്കാനാണ് ഇത് ചെയ്തത്.

ഭരണഘടനാ സംരക്ഷണ യോഗങ്ങൾ വിളിച്ചു ചേർത്ത് ഇവിടെ ആർഎസ്എസിന്റെ അജണ്ടകൾ നടപ്പിലാവില്ല എന്ന് സർക്കാർ ഉറക്കെ പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകുന്ന ആദ്യ സംസ്ഥാനവും നമ്മുടെതാണ്. സർക്കാർ ഇങ്ങനെ ശക്തമായ നിലപാടെടുത്തപ്പോൾ തന്നെ എൽഡിഎഫ് നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഞ്ചേശ്വരം മുതൽ പാറശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർത്തു.

പൗരത്വ പ്രശ്നത്തിൽ ആശങ്കയുള്ള ജനവിഭാഗത്തിന്റെയാകെ ഭീതി മാറ്റി ഒപ്പമുണ്ടെന്ന ധൈര്യം പകരുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. എന്നാൽ, ആദ്യ ഘട്ടത്തിൽ യോജിപ്പിന് തയാറായ കോൺഗ്രസ് വളരെപ്പെട്ടന്ന് ചുവടു മാറ്റി. നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയ പ്രമേയത്തെ പോലും അന്നത്തെ കെപിസിസി പ്രസിഡന്റ് പരിഹസിച്ചു. പ്രമേയം പാസാക്കിയതിൽ മുഖ്യമന്ത്രി മേനി നടിക്കണ്ട എന്നും പ്രമേയം പാസാക്കിയതുകൊണ്ട് കേന്ദ്രം പാസാക്കിയ നിയമം ഇല്ലാതാകില്ലല്ലോ എന്നുമായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന.

യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന നിലപാടാണ് പിന്നീട് കോൺഗ്രസിൽനിന്നും വന്നത്. വർഗീയവിഭജന നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു കോൺഗ്രസിന്റെ ഈ തീരുമാനം. ഇടതുപക്ഷവുമായി യോജിച്ച് പൗരത്വ വിഷയത്തിൽ പ്രക്ഷോഭത്തിനിറങ്ങിയവർക്കുനേരെ കോൺഗ്രസ് പാർട്ടിതല നടപടി എടുക്കുന്ന നിലവരെയുണ്ടായി.

ബിജെപി സർക്കാർ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയെടുത്ത 2019 ഡിസംബർ രണ്ടാം വാരത്തിൽതന്നെ രാജ്യത്താകെ പ്രതിഷേധങ്ങൾ ഉയർന്നതാണ്. മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്നവർ ഡിസംബർ പത്തിന് രാജ്യത്താകെ തെരുവിലിറങ്ങിയപ്പോൾ കോൺഗ്രസ് എംപിമാർ പാർട്ടി അധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നു.

ജനകീയ സമരത്തിൽ പങ്കെടുത്ത സിപിഎം നേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എന്നിവർ അടക്കം ഡൽഹിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാർ ജനകീയ സമരത്തിന് പിന്തുണയുമായി നിലകൊണ്ടു. 2019 ഡിസംബർ 9ന് ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിൽ നിന്നും അതിനെതിരെ ഏറ്റവും ശക്തമായ ശബ്ദമുയർത്തിയത് ഒരേയൊരു അംഗം മാത്രമായിരുന്നു. ആലപ്പുഴ എംപി എഎം ആരിഫ്.

ഭരണഘടനാ വിരുദ്ധമായ ഉള്ളടക്കമുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ സാങ്കേതികമായി പ്രതികരിച്ചു എന്ന് വരുത്തി മൂലയ്ക്കിരിക്കുകയായിരുന്നു കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ. കേരളത്തിനെതിരെയും കേരളത്തിലെ സർക്കാരിനെതിരെയും അടിയന്തിര പ്രമേയത്തിന് നോട്ടിസ് കൊടുക്കാനുള്ള ആവേശത്തിന്റെ നൂറിലൊന്ന് ആവേശം പോലും പൗരത്വ ബിൽ വിഷയത്തിൽ പാർലമെന്റിൽ കോൺഗ്രസുകാർ കാണിച്ചില്ല.

ലോക്സഭയിൽ എന്നപോലെ രാജ്യസഭയിലും ഇടതുപക്ഷ അംഗങ്ങൾ അധാർമിക ബില്ലിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. ഇടതുപക്ഷ അംഗങ്ങളായ എളമരം കരീമും ബിനോയ് വിശ്വവും കെ.കെ.രാഗേഷും ബില്ലിനെതിരെ രാജ്യസഭയിൽ ശക്തിയുക്തം എതിർപ്പുയർത്തി. പൗരത്വ ഭേദഗതി ബില്ലിലെ ഭരണഘടന വിരുദ്ധതക്കെതിരെ രാജ്യസഭയിലെ ഇടതുപക്ഷ അംഗങ്ങൾ ഭേദഗതി നിർദേശിക്കുകയും ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിൽ വോട്ടിനിടാൻ ആവശ്യപ്പെട്ടതും സെലക്റ്റ് കമ്മിറ്റിക്ക് വിടാൻ പ്രമേയം കൊണ്ടുവന്നതും ഇടതുപക്ഷ എംപിമാർ ആയിരുന്നു.

2020 ജനുവരിയിൽ ഡൽഹി രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം കനത്തപ്പോൾ കേരളത്തിലെ കോൺഗ്രസ് എംപിമാരെ കാണാനുണ്ടായിരുന്നില്ല. സമരത്തിനെതിരെ കേന്ദ്ര ഭരണകൂടത്തിന്റെ പകപോക്കൽ സമീപനമാണ് പിന്നീട് കണ്ടത്. തുടർന്ന് സംഘപരിവാർ ആസൂത്രണത്തിൽ ഡൽഹിയിൽ മുസ്‍ലിം വിരുദ്ധ കലാപം നടക്കുകയുണ്ടായി. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ അവിടെയും രക്ഷകരായി എത്തിയത് ഇടതുപക്ഷ ജനപ്രതിനിധികൾ മാത്രമായിരുന്നു. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ സംഘടിത ന്യൂനപക്ഷ വേട്ടയാണ് അവിടെ നടന്നത്. കലാപത്തിനിരയായവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഇടത് എംപിമാർ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികളെ ക്രൂരമായാണ് പൊലീസ് കൈകാര്യം ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് ഷഹീൻ ബാഗിൽ നടന്ന സമരത്തിൽ പൊലീസിന്റെ മൗനാനുവാദത്തോടെ സാമൂഹ്യവിരുദ്ധർ ആക്രമണം അഴിച്ചു വിട്ടു. ഇതിനെതിരെയും സംരക്ഷണ കവചവുമായി ഓടിയെത്തിയത് ഇടതു എംപിമാരും ഇടതുപക്ഷ നേതാക്കളുമാണ്. കുറ്റകരമായ മൗനമാണ് കോൺഗ്രസ് പുലർത്തിയത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ അങ്ങേയറ്റം വിദ്വേഷകരമായ പ്രസംഗം അന്നാണ് ഉണ്ടായത്. 'ഗോലീ മാരോ സാലോം കോ' എന്ന വിവാദ പ്രസംഗവും കലാപാഹ്വാനവും. ഡൽഹിയിൽ കലാപാഹ്വാനം ചെയ്ത കേന്ദ്രമന്ത്രിക്കെതിരെ വൃന്ദാ കാരാട്ടും സിപിഎം ഡൽഹി സംസ്ഥാന സെക്രട്ടറിയുമാണ് അന്ന് കോടതിയെ സമീപിച്ചത്.

ഡൽഹി കലാപത്തിലെ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന് പകരം കേന്ദ്രസർക്കാർ ഇരകൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് പിന്നീടുണ്ടായത്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ അകാരണമായി അറസ്റ്റ് ചെയ്തു. ഡൽഹി കലാപത്തിന്റെ യഥാർഥ പ്രതികൾ പുറത്തു വിലസി നടക്കുമ്പോൾ ഇരകൾ ക്രൂശിക്കപ്പെട്ടു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നയിച്ചതിന്റെ പേരിലാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പേര് ഡൽഹി പൊലീസ് കുറ്റപത്രത്തിൽ പെടുത്തിയത്. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയിലെ ഒരു നേതാവിന്റഎ പേരുപോലും ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിൽ ഇല്ലായിരുന്നു. കാരണം പൗരത്വ നിയമത്തിനെതിരായ സമരങ്ങളിൽ കോൺഗ്രസ് എവിടെയും ഇല്ലായിരുന്നു.

വളരെ വൈകിയാണ് പൗരത്വ ബിൽ വിഷയത്തിൽ ദേശീയ തലത്തിൽ കോൺഗ്രസ്സ് പരസ്യമായി നിലപാട് പറഞ്ഞതുതന്നെ. കേരളത്തെ മാതൃകയാക്കി കൊണ്ടാണ് കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന പഞ്ചാബ് നിയമസഭാ 2020 ജനുവരിയിൽ പൗരത്വ വിഷയത്തിൽ പ്രമേയം പാസാക്കിയത്. കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ട് ഇപ്പോൾ രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് ഔദ്യോഗികമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ ആയതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് ബോധിപ്പിക്കാൻ ശ്രമിക്കുന്നു.

ദേശീയ തലത്തിൽ കോൺഗ്രസിന് ഇനിയും ഒരു നിലപാടില്ലേ? ഇതുവരെയും കോൺഗ്രസ് പാർട്ടിയോ അതിന്റെ ദേശീയ അധ്യക്ഷനോ ഈ വർഗീയ വിഭജന നിയമത്തിന് എതിരെ ഔദ്യോഗികമായി ഒരക്ഷരം മിണ്ടിയിട്ടില്ല. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയാകട്ടെ ഇതുവരെ ഇങ്ങനെയൊരു വിഷയം അറിഞ്ഞതായേ ഭാവിച്ചിട്ടില്ല.

സിഎഎക്കെതിരെ ഉറച്ച ശബ്ദത്തിൽ നിലപാട് പറയാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കഴിഞ്ഞിട്ടില്ല. പറഞ്ഞു എന്ന് വരുത്തി തീർക്കാൻ എക്സിൽ ആണ് ചെറുവരി കുറിപ്പ് എഴുതിയിട്ടത്. അസമിലെ കോൺഗ്രസ് ഘടകകക്ഷിയായ അസം ജാതീയ പരിഷത്ത് നേതാക്കൾ തന്നെ കണ്ട് സിഎഎക്കെതിരെ നിവേദനം നൽകിയ ഫോട്ടോയ്ക്ക് ഒപ്പമാണ് ഈ കുറിപ്പ് നൽകിയത്.
എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി, അദ്ദേഹം കേരളത്തിൽ സ്ഥാനാർഥിയുമാണല്ലോ - പറഞ്ഞത് ഇത്രയുമാണ് : ‘‘പൗരത്വബിൽ 4 വർഷവും മൂന്നു മാസവും മുന്നേ പാർലമെന്റിൽ പാസായതാണ്. ഇത്രയും കാലം ഇല്ലാത്ത തിടുക്കം ഇപ്പോഴെന്തിനാണ്? ഇതിന് തിരഞ്ഞെടുപ്പ് വരെ കാത്തുനിന്നത് എന്തിനാണ്? കേന്ദ്ര സർക്കാരിന് ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ നാലു വർഷവും മൂന്നു മാസവും മുന്നേ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാമായിരുന്നില്ലേ?"

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ കോൺഗ്രസിന് പ്രശ്നമൊന്നുമില്ല എന്നല്ലേ ഇതിനർഥം? തിരഞ്ഞെടുത്ത സമയം മാത്രമാണ് പ്രശ്നമായി തോന്നിയത്. ‘വൈ ദിസ് ഡിലേ?’എന്നാണ് അദ്ദേഹം ആവർത്തിച്ചു ചോദിക്കുന്നത്. കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ജയറാം രമേശും പൗരത്വ ബില്ലിന്റെ രാഷ്ട്രീയത്തെ തൊടാതെയാണ് കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചത്. തിരഞ്ഞെടുപ്പിന് മുൻപുള്ള ബിജെപിയുടെ ധ്രുവീകരണ ശ്രമമാണ് പൗരത്വ നിയമ വിജ്ഞാപനമെന്നുമാത്രമാണ് ജയറാം രമേശ് ആകെ പറയുന്ന രാഷ്ട്രീയം.

ഇവിടെ നാലു കാര്യങ്ങളാണ് വ്യക്തമാക്കാനാഗ്രഹിക്കുന്നത്. ഒന്ന്, പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താൽപര്യങ്ങൾ ഹനിക്കുന്നതാണ്. അത് കേരളത്തിൽ നടപ്പാക്കില്ല. രണ്ട്, ജനങ്ങളെ മതപരമായി വിഭജിക്കുന്ന തെറ്റായ നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്നതും പ്രക്ഷോഭം നടത്തുന്നതും ഇടതുപക്ഷവും കേരളത്തിലെ എൽഡിഎഫ് സർക്കാരുമാണ്. അതിൽ നിന്നും ഒരിഞ്ച് പിന്നോട്ടുപോകില്ല. മൂന്ന്, കോൺഗ്രസ് ഈ വർഗീയ നിയമത്തിനെതിരെ നിലപാടെടുക്കുന്നില്ല. കാപട്യപൂർണമായ ഒളിച്ചുകളിയാണ് നടത്തുന്നത്. ആ പാർട്ടി വിശ്വസിക്കാൻ കൊള്ളാത്ത ഒന്നാണെന്ന് ആവർത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നു.

നാല്, ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിലേക്കെത്തുന്ന 2025ലേക്ക് കടുത്ത വർഗീയ ലക്ഷ്യങ്ങളാണ് സംഘപരിവാറിനുള്ളത്. അതിലേക്കുള്ള പാലമാണ് പൗരത്വ ഭേദഗതി നിയമം. ആ വർഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന രാഷ്ട്രീയവും സമീപനവും ഇടതുപക്ഷത്തിന്റേതാണ്. എൽഡിഎഫ് നേതൃത്വം നൽകുന്ന കേരള സർക്കാർ ഈ പോരാട്ടത്തിന്റെ മുൻനിരയിൽ തന്നെ ഉണ്ടാകും. എന്തു ത്യാഗം സഹിച്ചും പോരാട്ടം തുടരും എന്നുള്ള ഉറപ്പ് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. മുട്ടുമടക്കുകയുമില്ല, നിശബ്ദരാകുകയുമില്ല.

English Summary:

Kerala Chief Minister Pinarayi Vijayan Press Meet- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com