2029ൽ ഒറ്റ തിരഞ്ഞെടുപ്പിന് ശുപാർശ?; കേരളം ഉൾപ്പെടെ ചില നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കിയേക്കും
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻരാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി, രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇന്ന് പഠന റിപ്പോർട്ട് സമർപ്പിച്ചു. 18,000 പേജുകളിൽ എട്ടുവാല്യങ്ങളായി തയാറാക്കിയ റിപ്പോർട്ടിൽ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താൻ നിർദേശിച്ചിട്ടുണ്ട്.
Read More: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്
ഇതുപ്രകാരം 2029ൽ ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനും റിപ്പോർട്ടിൽ ശുപാർശയുള്ളതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ചർച്ച ചെയ്യും. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി കേരളം ഉൾപ്പെടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിച്ചുരുക്കാനും റിപ്പോർട്ടിൽ നിർദേശിച്ചേക്കും. ഇന്ത്യയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കാലാവധി പൂർത്തിയാക്കുന്നതിന് അനുസരിച്ചാണ് ഇതുവരെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.
ഒന്നിച്ച് തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലെ സാമ്പത്തിക ലാഭത്തെ കുറിച്ച് 15–ാം ധനകാര്യ കമ്മിഷൻ ചെയർപേഴ്സൻ എൻ.കെ.സിങ്ങിന്റെ നേതൃത്വത്തിൽ തയാറാക്കിയ അവലോകനം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ സാമ്പത്തിക, ഭരണപരമായ സ്രോതസ്സുകളെ കുറിച്ചും റിപ്പോർട്ടിൽ വിശകലനം ചെയ്യുന്നുണ്ട്. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടേതുൾപ്പടെയുള്ളവരിൽനിന്ന് ശേഖരിച്ച പ്രതികരണങ്ങൾ വിലയിരുത്തിക്കൊണ്ടാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ചു പഠിക്കാൻ റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുന്നത്. ദേശീയ താല്പര്യം കണക്കിലെടുത്ത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് റാംനാഥ് കോവിന്ദ് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഈ ആശയം നടപ്പിലാവുകയാണെങ്കിൽ തിരഞ്ഞെടുപ്പ് ചെലവിൽ ലാഭിക്കുന്ന പണം രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
റാംനാഥ് കോവിന്ദിന് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മിഷൻ ചെയർപേഴ്സൻ എൻ.കെ.സിങ്, സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരിഷ് സാൽവെ എന്നിവരും സമിതിയിൽ അംഗങ്ങളായിരുന്നു.