കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ; ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Mail This Article
കോട്ടയം ∙ എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന ബാക്കി രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മത്സരിക്കും. ചാലക്കുടി, മാവേലിക്കര സ്ഥാനാർഥികളെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണു മത്സരിക്കുന്നത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാർ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ കേരള ഘടകം കൺവീനറുമാണ്. എസ്എൻഡിപി യൂത്ത് മൂവ്മെന്റ് സംസ്ഥാന ചെയർമാൻ, എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ്, എസ്എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു. എസ്എഫ്ഐയിലൂടെയാണു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. അറിയപ്പെടുന്ന വ്യവസായിയും റബർ കർഷകനുമാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. ഇത്തവണ വയനാട് സീറ്റ് ബിജെപിക്കു വിട്ടുനൽകിയാണു കോട്ടയത്ത് മത്സരിക്കുന്നത്. ആലത്തൂർ സീറ്റിനു പകരമായാണ് ചാലക്കുടിയിൽ ബിഡിജെഎസ് മത്സരിക്കുന്നത്. ഇടുക്കിയിലെ സ്ഥാനാർഥിയായ സംഗീത വിശ്വനാഥൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്എൻഡിപി യോഗം വനിതാ സംഘം സെക്രട്ടറിയുമാണ്.