സോവിയറ്റ് യൂണിയനിൽ പോയപ്പോൾ പോലും മദ്യം തൊട്ടിട്ടില്ലെന്ന് പന്ന്യൻ രവീന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ ഭക്ഷണകാര്യത്തിൽ ഏറ്റവും ശ്രദ്ധാലുവായ സ്ഥാനാർഥികളിലൊരാളാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രൻ. ലഘുഭക്ഷണമാണ് കരുത്ത്. തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്തിനു മുന്നിലുള്ള കടയിലെ പൊതിഞ്ഞുവാങ്ങിയ ഒരു കുറ്റി പുട്ടും റോബസ്റ്റ പഴവും കഴിച്ചാണ് പ്രചാരണത്തിനിറങ്ങുന്നത്. ഉച്ച വരെയുള്ള ഇന്ധനം ഈ പുട്ടും പഴവുമാണ്. പുട്ടും പഴവും കഴിക്കുന്നതിനിടെ പന്ന്യൻ തന്റെ ഭക്ഷണ വിശേഷങ്ങളും രുചി ഓർമ്മകളും മനോരമ ഓൺലൈനിനോട് പങ്കുവച്ചു.
അച്ഛന്റെ മരണശേഷം കഷ്‌ടപ്പെട്ടാണ് ഞങ്ങൾ മൂന്ന് മക്കളേയും അമ്മ വളർത്തിയതെന്നു പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ പന്ന്യന്റെ കണ്ണുകൾ നിറഞ്ഞു.‘ആഴ്‌ചയിലൊരിക്കലാവും അരി ഭക്ഷണം. സ്‌കൂളിൽ പോകുമ്പോൾ അമ്മ അരയണ തരും. ഉച്ചയ്‌ക്ക് ഈ അരയണയെടുത്ത് ഒരു ഉണ്ടൻകായ വാങ്ങി കഴിക്കും. മധുരക്കിഴങ്ങ് പുഴുങ്ങിയതാകും രാത്രി ഭക്ഷണം. ഭക്ഷണമില്ലെന്ന് ആരോടും പറയരുതെന്നും ആരിൽ നിന്നും വാങ്ങി കഴിക്കരുതെന്നും അമ്മ എപ്പോഴും ഞങ്ങളോട് പറയും. അമ്മ അഭിമാനിയും കമ്മ്യൂണിസ്റ്റുമായിരുന്നു. ഒരു ദിവസം ഫുട്ബോൾ കളി കഴിഞ്ഞ ശേഷം കൂട്ടുകാരനായ രാജൻ അവന്റെ ചേട്ടൻ മിലിട്ടറിയിൽ നിന്ന് വന്നിട്ടുണ്ടെന്നും അതിന്റെ ആഘോഷമായി രാത്രി വീട്ടിൽ പാർട്ടിയുണ്ടെന്നും പറഞ്ഞു. രാജന്റെ വീട്ടിൽ ചെല്ലുമ്പോൾ കാണുന്നത് നല്ല ആവി പറക്കുന്ന പുട്ടാണ്. ആ വീട് മുഴുവൻ കോഴിക്കറിയുടെ ഗന്ധമാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഗ്ലാസ് മദ്യം എല്ലാവരുടെയും മുന്നിൽ വിളമ്പി. എനിക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു. പോടാ...എല്ലാവരും കുടിക്കുമ്പോൾ നിനക്കെന്താ കുടിച്ചാലെന്ന് രാജൻ ചോദിച്ചു. രാജന്റെ ചേട്ടനും നിർബന്ധിച്ചു. കുടിച്ച് കഴിഞ്ഞപ്പോഴേക്കും മെല്ലെ മെല്ലെ കാൽ പെരുത്ത് വരാൻ തുടങ്ങി. തലയ്‌ക്ക് ഭാരം കൂടി. പിന്നെ ഭക്ഷണം കഴിക്കാൻ ആർത്തിയായിരുന്നു. എങ്ങനെയൊക്കെയോ വീട്ടിലെത്തിയപ്പോഴേക്കും അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു, ഒന്നും മിണ്ടിയില്ല. പിറ്റേ ദിവസം ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് ബോധം വീഴുന്നത്. ഇന്നലെ നീ എന്താ കഴിച്ചതെന്ന് അമ്മ ചോദിച്ചു. ഇത് ആദ്യത്തേയും അവസാനത്തേയും കഴിക്കലാണ്, ഇനി കഴിക്കരുതെന്ന് പറഞ്ഞു. ഇത് പറയുമ്പോഴേക്കും അമ്മ കരയുന്നുണ്ടായിരുന്നു. ഞാനും പൊട്ടിക്കരഞ്ഞു. പിന്നീട് മദ്യപാന സദസിന് മുന്നിൽ ചെന്ന് പെടുമ്പോഴൊക്കെ അമ്മയുടെ മുഖം ഓർമ്മ വരും. അതിനുശേഷം സോവിയറ്റ് യൂണിയനിൽ പോയപ്പോൾ പോലും മദ്യം തൊട്ടിട്ടില്ല. അവിടെ സർവ കമ്മ്യൂണിസ്റ്റുകാരും വോഡ്‌ക്ക കഴിക്കും...’ – പന്ന്യൻ പറയുന്നു.
‘1979ലാണ് ഞാൻ എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത്. സത്യൻ മൊകേരി എഐഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ്. പാർട്ടി മാസം തോറും അലവൻസായി 125 രൂപ നൽകും. ഞങ്ങൾ കഴിച്ചില്ലെങ്കിലും പ്രവർത്തകർക്ക് ഭക്ഷണം വാങ്ങി കൊടുക്കും. എംഎൽഎ ഹോസ്റ്റലിൽ ഭാർഗവി തങ്കപ്പന്റെ മുറിയിലാകും എന്റെയും സത്യന്റെയും താമസം. പറ്റ് കൊടുത്ത് തീർക്കാത്തതിനാൽ എംഎൽഎ ഹോസ്റ്റലിലെ കന്റീനിൽ നിന്ന് ഭക്ഷണം കിട്ടുമായിരുന്നില്ല. വിശന്ന് വലഞ്ഞ ഒരു രാത്രിയിൽ വെളളമെടുത്ത് കുടിച്ച് ഞാൻ കിടന്നുറങ്ങി. ഉറങ്ങുന്ന സമയം കണ്ണൂരിൽ നിന്ന് എന്റെ പരിചയക്കാരനായ കച്ചവടക്കാരൻ അബ്‌ദുളളഹാജി കാണാൻ വന്നു. ഇപ്പോൾ വിളിക്കേണ്ടയെന്ന് സത്യൻ പറഞ്ഞു. വെളുപ്പിന് നാല് മണിക്ക് എഴുന്നേൽക്കുമെന്നും അപ്പോൾ മസാലദോശയും ചായയുമാണ് മൂപ്പർക്ക് ഇഷ്‌ടമെന്നും സത്യൻ തട്ടിവിട്ടു. 4 മണിയ്‌ക്ക് എന്നെ ഉണർത്തുന്നത് മസാലദോശയും ചായയുമാണ്. അത് കിട്ടിയപ്പോൾ എനിക്കുണ്ടായ ആർത്തി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇന്നലെ ആഹാരമൊന്നും കഴിച്ചില്ലേയെന്ന് അബ്‌ദുളള ഹാജി ചോദിച്ചു. കഴിച്ചെന്നും രുചി കൊണ്ടുളള ആർത്തിയാണെന്നും ഞാൻ തട്ടിവിട്ടു’– ചെറുചിരിയോടെ പന്ന്യൻ പറഞ്ഞു.
വിശപ്പിന്റെ കാഠിന്യമാണ് രുചിയെന്നാണ് പന്ന്യൻ രവീന്ദ്രന്റെ താത്വിക അവലോകനം. ഇതുപറഞ്ഞു നിർത്തിയപ്പോഴേക്കും സഖാവേ ഇറങ്ങാമോയെന്ന് മുറിക്ക് പുറത്തുനിന്നും ചോദ്യം. പുട്ടുകൊണ്ടുവന്ന പൊതി മടക്കി കൈകഴുകി പന്ന്യൻ പ്രചാരണത്തിരക്കുകളിലേക്ക്...