ADVERTISEMENT

തിരുവനന്തപുരം∙ കാലടിയിൽ പോസ്റ്ററിൽ ചാരിനിന്ന പതിനാലുകാരനെ മർദിച്ച ബിജെപി നേതാവിനെതിരെ കേസെടുക്കുമെന്നു ബാലാവകാശ കമ്മിഷൻ. രാഷ്ട്രീയ പ്രവർത്തകർ കുട്ടികളെ ആക്രമിക്കുന്നതു തെറ്റാണെന്നും പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറോടും റിപ്പോർട്ട് തേടുമെന്നും കമ്മിഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ പറഞ്ഞു. മർദനമേറ്റ കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ചയായിരുന്നു കുട്ടിയെ ആക്രമിച്ചത്.

‘‘രാഷ്ട്രീയ പ്രവർത്തകർ എല്ലാ ജനങ്ങളുടെയും അഭയകേന്ദ്രം ആകേണ്ടവരാണ്. അത്തരമാളുകൾ ഒരു കൊച്ചുകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. കമ്മിഷൻ സ്വമേധയാ ഇക്കാര്യത്തിൽ കേസെടുക്കും. പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറോടും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടും. കുട്ടിക്ക് ഭയമുണ്ടെന്നാണ് ഞങ്ങൾക്ക് മനസ്സിലാകുന്നത്. കൗൺസിലിങ് ആവശ്യമുണ്ടെന്ന് മനസ്സിലാക്കുന്നു. ഇതുകൊടുക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്’’ – കെ.വി. മനോജ്കുമാർ പറഞ്ഞു.

തമിഴ് ബാലനായ കുട്ടി സംഭവദിവസം, അവർ വാടകയ്ക്കു താമസിച്ചിരുന്ന വീടിനു മുന്നിലെ മതിലിൽ ചാരിനിൽക്കുകയായിരുന്നു. മതിലിൽ എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറിന്റെ ചിത്രമുള്ള പോസ്റ്ററുണ്ടായിരുന്നു. അതിൽ ചാരിനിൽക്കുകയായിരുന്നു കുട്ടി. ആ സമയത്ത് അവിടെയെത്തിയ ബിജെപിയുടെ പ്രാദേശിക നേതാവ്, കുട്ടി പോസ്റ്ററിൽ ചാരിനിന്നതിന്റെ പേരിൽ മർദിച്ചു. ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് കുടുംബം അതു പിൻവലിച്ചു. പിന്നാലെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നാട്ടുകാരും ബാലാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. ഇതോടെയാണ് കമ്മിഷൻ കുട്ടിയെയും കുടുംബത്തെയും സന്ദർശിച്ചത്.

കുട്ടിയെ നേരിൽക്കണ്ട് കമ്മിഷൻ അധ്യക്ഷൻ വിവരങ്ങൾ ആരാഞ്ഞു. ഇതു സംബന്ധിച്ച് പൊലീസിനോടും മറ്റും കൃത്യമായ നിർദേശം ബാലാവകാശ കമ്മിഷൻ നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ് നൽകണമെന്നും കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് കൂടി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്‌ഷൻ ഓഫിസറോടും ഇത്തരത്തിലൊരു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും ബാക്കി നടപടികൾ.  

English Summary:

Child Rights Commission to File Case Against BJP Leader in Poster Assault Incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com