പൊരിവെയിലത്ത് സ്ഥാനാർഥികളുടെ എരിപൊരി സഞ്ചാരം
Mail This Article
കോഴിക്കോട്∙ പൊരിവെയിലത്ത് എരിപൊരി സഞ്ചാരത്തിലാണു സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് തീയതി അൽപം നീണ്ടുപോയതോടെ രണ്ട് മാസത്തോളം സ്ഥാനാർഥികൾ വെയിൽ കൊള്ളേണ്ട അവസ്ഥയാണ്. ഫെബ്രുവരി അവസാനത്തോടെ തന്നെ പല സ്ഥാനാർഥികളും പ്രചാരണം ആരംഭിച്ചിരുന്നു. ഏപ്രിൽ ആദ്യ ആഴ്ചയിൽ തിരഞ്ഞെടുപ്പുണ്ടാകുമെന്ന ധാരണയിലാണു നേരത്തെ പ്രചാരണം ആരംഭിച്ചത്.
ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തി വോട്ടർമാരെ നേരിൽ കാണാനുള്ള സമയം സ്ഥാനാർഥികൾക്കു ലഭിക്കും. എന്നാൽ കത്തുന്ന വെയിൽ പലപ്പോഴും പ്രതിസന്ധിയാകുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ചിലപ്പോൾ 37 ഡിഗ്രി സെൽഷ്യസ് വരെയാണു ചൂട്. പൊള്ളുന്ന വെയിലിനെ മറികടക്കുന്ന പോരാട്ടച്ചൂടിലേക്കു തിരഞ്ഞെടുപ്പ് പ്രചാരണം കടന്നുകഴിഞ്ഞു. കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ പൊരിവെയിലത്തും വാടാതെയാണു സ്ഥാനാർഥികൾ പ്രചാരണം നടത്തുന്നത്.
Read More: ഉദ്ധവിനെ തളയ്ക്കാൻ രാജ് താക്കറെയെ കൂട്ടുപിടിച്ച് ബിജെപി; എൻഡിഎയിൽ എത്തിക്കാൻ നീക്കം
വടകരയിൽ അപ്രതീക്ഷിതമായാണു ഷാഫി പറമ്പിൽ എത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് കളം മാറി. ഇരുകൂട്ടരും തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൂടുതൽ എണ്ണ പകർന്നു. ഇതോടെ പ്രചാരണം നിന്നുകത്തുന്ന സ്ഥിതിയായി. പ്രായം പോലും വകവയ്ക്കാത്ത പോരാട്ടച്ചൂടിലാണു സ്ഥാനാർഥികൾ. അതിരാവിലെ തന്നെ പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാർഥികൾ ഉച്ചയ്ക്കു സൂര്യൻ കത്തിനിൽക്കുമ്പോൾ അൽപം പിൻവാങ്ങും. തുടർന്ന് ഉച്ചതിരിഞ്ഞു വീണ്ടും കളത്തിലിറങ്ങും. ഓരോ സ്ഥാനാർഥികളും വെയിലിനെ വകവയ്ക്കാതെ പ്രചാരണം കൊഴുപ്പിക്കുകയാണ്.
രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ പ്രചാരണം ആരംഭിക്കും. 11.30 വരെ നീളും. ഉച്ചച്ചൂടിലെ വിശ്രമ സമയം ഓഫിസിലോ മറ്റോ കൂടിയാലോചനകള്‍ക്കും ഫോണ്‍വഴിയുള്ള പിന്തുണതേടലിനുമാണ് വിനിയോഗിക്കുന്നത്. 3.30ന് തുടങ്ങി 5.30 വരെ വീണ്ടും പ്രചാരണം നടത്തും. നോമ്പുതുറന്നതിനുശേഷം രാത്രി 7.30 മുതല്‍ ഒമ്പതുമണിവരെ പ്രചാരണം തുടരും.
പുലർച്ചെ 6.30 ആകുമ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍ വീട്ടില്‍നിന്നിറങ്ങും. പിന്നെ പ്രചാരണം തീരും വരെ ഇടവേളയൊന്നുമില്ല. ഉച്ചയ്ക്ക് എവിടെയാണോ എത്തുന്നത്, അവിടെനിന്ന് ഉച്ചഭക്ഷണം. ഉച്ചഭക്ഷണം കഴിക്കാൻ സമയം കിട്ടാതെ പോയ ദിവസങ്ങളുമുണ്ട്.
രാവിലെ 7.30 ന് എൻഡിഎ സ്ഥാനാര്‍ഥി എം.ടി.രമേശ് റെഡിയാണ്. രാവിലെ ഇറങ്ങിയാല്‍ പിന്നെ കാര്യമായ ഇടവേളയുമില്ല. ഫ്ലാസ്കിലെ ചൂടുവെള്ളമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി. രമേശിന്റെ കരുതല്‍.
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ഇപ്പോള്‍ വിവിധ പ്രദേശങ്ങളിലെ പ്രമുഖവ്യക്തികളെ കാണുന്നതിന്റെയും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെയും തിരക്കിലാണ്. ചൂട് കൂടുന്ന ഉച്ചയ്ക്ക് ചെറിയ ഇടവേളയുണ്ട്. ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായതിനാൽ വെയിലും ചൂടുമൊക്കെ അപ്രസക്തമായിരിക്കുകയാണ്.
റമസാന്‍ കാലമായതിനാല്‍ നോമ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ഇതിനിടെ കത്തുന്ന ചൂടും. നട്ടുച്ചയ്ക്കു പോലും അണികള്‍ ചൂടെല്ലാം സഹിച്ച് ആവേശത്തോടെ എത്തുമ്പോൾ ഷാഫി വിശപ്പും ദാഹവും മറക്കുകയാണ്. ശരീരം വിയര്‍ക്കുന്നതിനാല്‍ ഉച്ചയ്‌ക്കൊന്നു കുളിക്കും. നോമ്പുതുറ സമയത്ത് എവിടെയാണോ ഉള്ളത് അവിടെവച്ച് നോമ്പ് തുറക്കും. രാവിലെ 7.30ന് ഷാഫിയുടെ പര്യടനം ആരംഭിക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണനും രാവിലെ ഇറങ്ങും. നട്ടുച്ചനേരത്ത് പുറത്തുള്ള പ്രചാരണം ഒഴിവാക്കി സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണു മുന്‍ഗണന നല്‍കുന്നത്. വൈകിട്ട് റോഡ് ഷോയും നടത്താറുണ്ട്. ചെറുപ്പക്കാരനായ പ്രഫുലിനു ചൂടൊന്നും ഒരു പ്രശ്നമല്ല.