കെ-റൈസ് ഇറക്കുമതിക്ക് പിന്നിൽ കോടികളുടെ അഴിമതി, സഞ്ചിക്കുമാത്രം എട്ടുകോടി: പികെ കൃഷ്ണദാസ്
Mail This Article
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ–റൈസ് പദ്ധതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. സിപിഎം- സിപിഐ സംയുക്ത അരി കുംഭകോണമാണ് നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് കെ-റൈസ് വിതരണം. സർക്കാർ അവകാശപ്പെടുന്നതുപോലെ തെലങ്കാനയിൽ നിന്ന് കടം വാങ്ങിയ ജയ അരിയല്ല മറിച്ച് മാർക്കറ്റിൽ വില കുറവായ കർണാടക ജയ അരിയാണ് വിതരണം ചെയ്യുന്നത്. വിജിലൻസ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. തെലങ്കാനയിൽ നിന്നല്ല മരിയൻ സ്പൈസസ് എന്ന കൊച്ചി കമ്പനിയിൽ നിന്നാണ് അരി സർക്കാർ വാങ്ങിയത്. 40.15 രൂപയ്ക്ക് സർക്കാർ വാങ്ങിയ ഈ അരിക്ക് 33 രൂപയാണ് കർണാടക മാർക്കറ്റിലെ വില. ഖജനാവിലെ കോടിക്കണക്കിന് രൂപയാണ് ഇതുവഴി പാഴാവുന്നത്.
12 ലക്ഷം കിലോഗ്രാം അരിയാണ് സർക്കാർ വാങ്ങിയത്. ഇത് 2,40000 കാർഡുടമകൾക്ക് മാത്രമേ നൽകാനാകു. 87ലക്ഷം കാർഡുടമകൾക്കും നൽകുമെന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കിൽ 4 കോടി 35 ലക്ഷം കിലോ അരി വേണ്ടിവരും. അപ്പോൾ 21 കോടി 75 ലക്ഷം രൂപയാണ് സർക്കാരിന് നഷ്ടം വരിക. അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പ്രചാരണത്തിനായി അരി നൽകാൻ 10–12 രൂപ വിലയുള്ള സഞ്ചി വാങ്ങി എട്ടുകോടിയോളം രൂപ പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു.