റഷ്യയിലെ യുദ്ധഭൂമിയില്‍നിന്ന് നാട്ടിലേക്ക്; 2 മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി
Mail This Article
മോസ്കോ ∙ റഷ്യയിലെ യുദ്ധത്തില്‍ പരുക്കേറ്റ മലയാളികളിൽ രണ്ടുപേര്‍ ഉടൻ നാട്ടിലേക്കു മടങ്ങും. അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്കോയിലെ ഇന്ത്യൻ എംബസിയിലെത്തി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്കു താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെ യുദ്ധഭൂമിയിൽ എത്തിയിരുന്നു.
വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഇവരെ തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. ഇവർക്കു പുറമെ വിനീത് സിൽവ, ടിനു പനിയടിമ എന്നീ മലയാളികളും തട്ടിപ്പിനിരയായി, യുക്രെയ്‌നിൽ യുദ്ധം ചെയ്യാനുള്ള റഷ്യൻ സൈന്യത്തിനൊപ്പം അകപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. യുദ്ധഭൂമിയിൽ വച്ച് പ്രിൻസിനു മുഖത്ത് വെടിയേൽക്കുകയും ഡേവിഡിന്റെ കാൽ മൈൻ സ്ഫോടനത്തിൽ തകരുകയും ചെയ്തു.
ജനുവരി 3നാണ് ആർമി സെക്യൂരിറ്റി ഹെൽപർ ജോലിക്കായി ഇവർ റഷ്യയിലേക്ക് പോയത്. 1.95 ലക്ഷം രൂപ ശമ്പളമായി വാഗ്ദാനം ചെയ്താണ് ഏജന്‍റുമാർ ഇവരെ റഷ്യയിലെത്തിച്ചത്. തുടർന്ന് യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിയോഗിക്കുകയായിരുന്നു. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസിൽ 3 മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.