ADVERTISEMENT

തൃശൂര്‍∙ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് നിർണായക തീരുമാനം. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ ആരംഭിക്കും. കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക.

ഇന്നലെ നർത്തകൻ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം അവതരണം നടന്നിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി നൽകുന്ന ചരിത്രതീരുമാനം കലാമണ്ഡലമെടുത്തത്. കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട്.

ആർഎൽവി രാമകൃഷ്ണനെതിരെ നൃത്താധ്യാപിക സത്യഭാമ നടത്തിയ പരാമർശം വിവാദമായതോടെയാണ് ആൺകുട്ടികൾ മോഹിനിയാട്ടം കളിക്കുന്ന വിഷയം ചർച്ചയായത്. വിവാദ പരാമർശങ്ങളിങ്ങനെ: ‘ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. ഒരു പുരുഷൻ കാലുമകത്തിവച്ച് മോഹിനിയാട്ടം കളിക്കുന്നത് അരോചകം. ആൺപിള്ളേർക്കു മോഹിനിയാട്ടം പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ഇവനെ കണ്ടുകഴിഞ്ഞാൽ ദൈവവും പെറ്റ തള്ളയും സഹിക്കില്ല.’

പറഞ്ഞതിൽ കുറ്റബോധമില്ലെന്നും പരാതിയുള്ളവർ കേസുകൊടുക്കട്ടെയെന്നുമാണ് വിവാദമുയർന്നശേഷം സത്യഭാമ പ്രതികരിച്ചത്. കറുത്ത കുട്ടികൾ മത്സരിച്ചാൽ സമ്മാനം കിട്ടില്ലെന്നും കറുത്തവർ മേക്കപ്പിട്ട് വൃത്തികേടാക്കരുതെന്നും കൂടി പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെ കേസെടുത്തിരുന്നു. സത്യഭാമയ്ക്കെതിരെ ആർഎൽവി രാമകൃഷ്ണൻ ചാലക്കുടി ഡിവൈഎസ്പിക്കും പരാതി നൽകിയിട്ടുണ്ട്.

English Summary:

Boys too can learn Mohiniyattam in Kerala Kalamandalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com