ഡൽഹി നിയമസഭ സമ്മേളനം ഇന്ന്; കേജ്‍രിവാൾ ജയിലിൽ പോയതിനു ശേഷമുള്ള ആദ്യത്തേത്
Mail This Article
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിലായതിനു പിന്നാലെയുള്ള ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്. ജയിലിൽനിന്ന് കേജ്‍രിവാൾ പുറപ്പെടുവിച്ച രണ്ടാമത്തെ ഉത്തരവാകും ഇന്ന് നിയമസഭയിൽ ചർച്ചയാകുക. സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നുകൾ ഉറപ്പാക്കുന്നതും പാത്തോളജിക്കൽ ടെസ്റ്റുകളുമായും ബന്ധപ്പെട്ട ഉത്തരവാണിത്.
പുതിയ ഉത്തരവ് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് പുറത്തുവിട്ടത്. ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇന്ന് നിയമസഭയിൽ ഈ വിഷയം ചർച്ചയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എല്ലാ സർക്കാർ ആശുപത്രികളിലും സൗജ്യന മരുന്നും പരിശോധനകളും ഉറപ്പാക്കാൻ കേജ്‍രിവാൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുമെന്നും സൗരഭ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇന്ന് നിയമസഭയിൽ സൗജന്യ മരുന്ന് വിതരണം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി സൗരഭ് ഭരദ്വാജ് മറുപടി നൽകും. മൊഹല്ല സർക്കാർ ക്ലിനിക്കുകളുടെ നിലവിലെ അവസ്ഥയും എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തിൽ ഒരു ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചത് എന്നതും സൗരഭ് വിശദീകരിക്കും.
മാർച്ച് 21നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്‍രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ഇവിടെയിരുന്ന് മാർച്ച് 24നാണ് കേജ്‍രിവാൾ ആദ്യ ഉത്തരവിറക്കിയത്. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ടതായിരുന്നു ഈ ഉത്തരവ്.