ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസംതന്നെ പത്രിക നൽകി കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് എംഎൽഎ. മുകേഷിന് 14.98 കോടിയുടെ സ്വത്താണു‌ള്ളതെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപ.  2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കവേ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 10.22 കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്.

നിലവിൽ മുകേഷിന്റെ കൈവശം 50,000 രൂപയും വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉൾപ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ 2 ഫ്ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. 2,40,000 രൂപ മൂല്യം വരുന്ന സ്വർണവുമുണ്ട്. ചെന്നൈ ടി–നഗറിലെ ഫ്ലാറ്റ് മുകേഷിന്റെയും ആദ്യ ഭാര്യ സരിതയുടെയും പേരിലാണ്. മുകേഷിന്റെയും ഭാര്യ മേതിൽ ദേവികയുടെയും പേരിൽ 13 സെന്റ് വസ്തു തിരുവനന്തപുരം കടകംപള്ളി വില്ലേജിലുണ്ട്.

എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനൊപ്പം ചേർന്നാണു വാങ്ങിയത്. തമിഴ്നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കൽ, ശക്തികുളങ്ങര, പോത്തൻകോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഇപ്പോൾ താമസിക്കുന്ന വീട് പൂർവിക സ്വത്തായി ലഭിച്ചതാണ്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്‌യുവി എന്നീ രണ്ടു കാറുകളും സ്വന്തമായുണ്ട്. പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കേസുണ്ടെന്നും പറയുന്നു. പുനലൂർ പൊലീസ് സ്റ്റേഷനിൽ 2014ൽ റജിസ്റ്റർ ചെയ്ത കേസ് പുനലൂർ മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്. പൊതുവഴി തടസ്സപ്പെടുത്തിയെന്നാണ് കേസ്. 

‌നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു.  സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം– 4, കൊല്ലം– 3 , മാവേലിക്കര– 1, കോട്ടയം– 1, എറണാകുളം– 1, തൃശൂർ– 1, കോഴിക്കോട്– 1, കാസർകോട്– 2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല. കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർഥികൾ  രണ്ട് പത്രികകൾ വീതവും കാസർകോട് ഒരാൾ മൂന്നു പത്രികയും സമർപ്പിച്ചു.

English Summary:

KOLLAM LDF candidate Mukesh files his nomination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com