തമിഴ്നാട്ടിലെ വനിതാ സ്ഥാനാർഥികൾ ‘ആഭരണ സമ്പന്നർ’: കൂട്ടത്തിൽ അതിസമ്പന്ന സൗമ്യ അൻപുമണി, 365 പവൻ
Mail This Article
ചെന്നൈ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്ന പ്രധാന വനിതാ സ്ഥാനാർഥികളെല്ലാം ‘ആഭരണ സമ്പന്നർ’. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിലാണ് സ്ഥാനാർഥികളുടെ ആഭരണ ശേഖരത്തിന്റെ വിവരങ്ങളുള്ളത്. ധർമപുരിയിലെ പിഎംകെ സ്ഥാനാർഥി സൗമ്യ അൻപുമണിയാണ് ഇതിൽ അതിസമ്പന്ന. 365 പവൻ സ്വർണാഭരണങ്ങളാണ് സൗമ്യയുടെ ശേഖരത്തിലുള്ളത്. ഇതിന് ഏകദേശം 1.92 കോടി രൂപ വിലമതിക്കും. 151.5 കാരറ്റ് വജ്രാഭരണങ്ങളും സൗമ്യക്കുണ്ട്. സൗത്ത് ചെന്നൈയിലെ ബിജെപി സ്ഥാനാർഥി തമിഴിസൈ സൗന്ദർരാജന് 200 പവൻ ആഭരണങ്ങളാണുള്ളത്. എതിരാളി ഡിഎംകെയുടെ തമിഴച്ചി തങ്കപാണ്ഡ്യന്റെ സ്വർണ ശേഖരം 158.75 പവനാണ്.
വിരുദുനഗറിലെ ബിജെപി സ്ഥാനാർഥിയും നടിയുമായ രാധിക ശരത്കുമാറിന് 93.75 പവൻ സ്വർണം സ്വന്തമായുണ്ട്. തൂത്തുക്കുടിയിൽ രണ്ടാം വട്ടം ജനവിധി തേടുന്ന കനിമൊഴിയുടെ സ്വർണ സമ്പാദ്യം 88 പവനാണ്. മയിലാടുതുറൈയിലെ കോൺഗ്രസ് സ്ഥാനാർഥി ആർ.സുധയ്ക്ക് 60 പവൻ സ്വർണമാണുള്ളത്. കരൂരിൽ വീണ്ടും മത്സരിക്കുന്ന ജ്യോതിമണിക്കാണു കൂട്ടത്തിൽ കുറഞ്ഞ ആഭരണ ശേഖരം. 30 പവൻ സ്വർണമാണ് ജ്യോതിമണിയുടെ സമ്പാദ്യം.
സ്വർണവും വെള്ളിയുമില്ലാതെ തിരുമാവളവൻ
ചിദംബരത്തെ സിറ്റിങ് എംപിയായ വിസികെ നേതാവ് തോൾ തിരുമാവളവന് സ്വന്തമായി സ്വർണമോ വെള്ളിയോ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 2.07 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 28.62 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുക്കളും തിരുമാവളവനുണ്ട്.