ട്രെയിനുകളിൽ ദുരന്തങ്ങൾ തുടർക്കഥ; ടിടിഇമാർ ജോലി ചെയ്യുന്നത് ജീവൻ പണയപ്പെടുത്തി, സുരക്ഷ പേരിനു മാത്രം
Mail This Article
തിരുവനന്തപുരം∙ കേരളത്തെ നടുക്കിയ ദുരന്തങ്ങളുണ്ടായിട്ടും ട്രെയിനുകളിൽ സുരക്ഷാ വീഴ്ച തുടരുന്നു. സൗമ്യയെന്ന യുവതി ട്രെയിനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കുറച്ചു കാലത്തേക്ക് സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും പിന്നീട് എല്ലാം പഴയപടിയായി. നിരവധി അക്രമ സംഭവങ്ങൾക്കൊടുവിൽ ടിടിഇ (ടിക്കറ്റ് പരിശോധകൻ) കെ.വിനോദിന്റെ ജീവനും നഷ്ടമായി. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ഒഡീഷ സ്വദേശി രജനികാന്ത രണജിത്താണ് വിനോദിനെ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
അക്രമ സംഭവങ്ങൾ ഉണ്ടായതിനെ തുടർന്ന്, ലഹരി ഉപയോഗിച്ചവരെ ട്രെയിനിലോ റെയിൽവേ സ്റ്റേഷന്റെ കോംപൗണ്ടിലോ പ്രവേശിപ്പിക്കരുതെന്ന് റെയിൽവേ ഉത്തരവിറക്കിയിരുന്നു. പരിശോധന ശക്തമായതിനെ തുടർന്ന് അക്രമസംഭവങ്ങള്‍ കുറഞ്ഞിരുന്നതായി റെയിൽവേ യൂണിയനുകൾ പറയുന്നു. പരിശോധന കാര്യക്ഷമമല്ലാതായതോടെ എല്ലാം പഴയപടിയായി. ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരും ലഹരി ഉപയോഗിച്ച് യാത്രയ്ക്കെത്തുന്നവരുമാണ് റെയിൽവേ ജീവനക്കാർക്ക് തലവേദനയാകുന്നത്. ആവശ്യത്തിന് ജിആർപിയോ ( ഗവൺമെന്റ് റെയിൽവേ പൊലീസ്) ആർപിഎഫോ (റെയില്‍വേ സംരക്ഷണ സേന) ഇല്ലെന്നാണ് യൂണിയനുകളുടെ പരാതി. പല തവണ ഇക്കാര്യം ഉന്നയിച്ച് അധികാരികൾക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് റെയിൽവേ യൂണിയനുകൾ പറയുന്നു.
കേരള പൊലീസിൽനിന്നാണ് ജിആർപിമാരായി ഉദ്യോഗസ്ഥർ റെയിൽവേയിൽ ഡ്യൂട്ടിക്കെത്തുന്നത്. ക്രമസമാധാന ചുമതല ഇവർക്കാണ്. സ്റ്റേഷനുകളുടെയും വസ്തുവകകളുടെയും സംരക്ഷണമാണ് ആർപിഎഫിന്റെ പ്രധാന ഉത്തരവാദിത്തം. ഇവർക്കും ക്രമസമാധാന ചുമതലകളുണ്ട്. ആർപിഎഫ് കേസെടുത്തശേഷം കേരള പൊലീസിനു കൈമാറും. ഒരു ട്രെയിനിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകണമെന്നാണ് നിർദേശമെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിലേക്ക് പോകുന്ന ട്രെയിനുകളിലാണ് അക്രമങ്ങൾ കൂടുതൽ നടക്കുന്നതെന്ന് ടിടിആർമാർ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെയാണ് ഈ ട്രെയിനുകളിൽ സഞ്ചരിക്കുന്നത്. വിനോദ് കൊല്ലപ്പെട്ട ട്രെയിനും അത്തരത്തിലുള്ളതാണ്. മൂന്നോ നാലോ ടിടിഇമാരാണ് ട്രെയിനിൽ ഉണ്ടാകാറുള്ളത്. എസി കംപാർട്ടുമെന്റുകളുടെ ചുമതലയുള്ളവർ അഞ്ചും, മറ്റുള്ളവർ മൂന്നും കംപാർട്ടുമെന്റുകൾ പരിശോധിക്കണം.
ടിക്കറ്റ് പരിശോധനയ്ക്ക് ഒപ്പം യാത്രക്കാരുടെ പ്രശ്നങ്ങളും ടിടിഇമാർക്ക് പരിഹരിക്കേണ്ടതുണ്ട്. മദ്യപിച്ചെത്തുന്നവർ ടിടിഇമാർക്കുനേരെ പലപ്പോലും കയ്യേറ്റത്തിന് മുതിരാറുണ്ട്. പൊലീസിന്റെ സേവനം പലപ്പോഴും ലഭിക്കാറില്ല. തിരുവനന്തപുരം മുതൽ തൃശൂർവരെയുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ജോലി ചെയ്യുന്നവരിൽ 30% ടിടിഇമാരും വനിതകളാണ്. ‘ ടിടിഇമാർക്കെതിരായ കയ്യേറ്റങ്ങൾ സ്ഥിരം സംഭവമാണ്. ‘ഭയത്തിലാണ് ജോലി ചെയ്യുന്നത് നിരവധി തവണ പരാതി നൽകിയിട്ടും സുരക്ഷ വർധിപ്പിച്ചിട്ടില്ല. നിയമപ്രകാരം മൂന്നു കോച്ചുകളിലാണ് (എസ്എൽ ക്ലാസ്) പരിശോധന നടത്തേണ്ടത്. നാലോ അതിലധികമോ കോച്ചുകളിൽ പരിശോധന നടത്തേണ്ട അവസ്ഥയാണ് ടിടിഇമാർക്ക്’– റെയിൽവേ ജീവനക്കാരുടെ സംഘടനയായ എസ്ആർഎംയു തിരുവനന്തപുരം ഡിവിഷനൽ സെക്രട്ടറി എസ്.ഗോപീകൃഷ്ണ പറയുന്നു.
അതേസമയം, റെയിൽവേ അധികൃതർ ഈ വാദങ്ങൾ തള്ളിക്കളയുന്നു. ആവശ്യത്തിന് സുരക്ഷ ട്രെയിനുകളിൽ ഉണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഇന്നലെ വിനോദ് മരിച്ച ട്രെയിനിൽ കേരള പൊലീസുണ്ടായിരുന്നു. ഉദ്യോഗസ്ഥർ കൃത്യമായി ഇടപെട്ടതിനാലാണ് അക്രമിയെ ഉടനെ പിടികൂടാനായത്. മദ്യപിച്ചും മറ്റ് ലഹരി ഉപയോഗിച്ചും എത്തുന്നവരെ പിടികൂടാൻ കൃത്യമായ പരിശോധനകൾ നടക്കാറുണ്ട്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.