എഐ ഉള്ളടക്കം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ ചൈനയുടെ ഇടപെടൽ ഉണ്ടാകാം; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
Mail This Article
ന്യൂഡൽഹി∙ നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമിച്ച ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെയും അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും തിരഞ്ഞെടുപ്പുകളിൽ ചൈന ഇടപെട്ടേക്കാം എന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. തയ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് എഐ നിർമിത ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ചൈന പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്.
2024–ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ചൈനയുടെ പിന്തുണയുള്ള സൈബർ ഗ്രൂപ്പുകൾ ലക്ഷ്യം വച്ചിട്ടുണ്ടെന്നാണു മൈക്രോസോഫ്റ്റിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങൾ വഴി എഐ നിർമിത ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു പൊതുജനത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ചൈന നടത്തുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
എഐ നിർമിത ഉള്ളടക്കങ്ങൾക്കു നിലവിൽ തിരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിക്കാൻ സാധിക്കില്ലെങ്കിലും ഈ മേഖലയിൽ നിരന്തര പരീക്ഷണങ്ങൾ നടത്തുന്ന ചൈനയുടെ കാലക്രമേണ ശക്തമായി ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
തയ്‌വാനിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സ്റ്റോം 1376 എന്ന ഗ്രൂപ്പിന് ബെയ്ജിങ്ങിന്റെ പിന്തുണ ഉണ്ടായിരുന്നു. പൊതുജനത്തിന്റെ അഭിപ്രായത്തെ സ്വാധീനിക്കാൻ കഴിയുന്ന, സ്ഥാനാർഥികളെ വിലകുറച്ചു കാണിക്കുന്ന വ്യാജ ഓഡിയോ, മീമുകൾ തുടങ്ങിയ എഐ നിർമിത ഉള്ളടക്കങ്ങൾ ഇവർ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.