പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഈ മാസം 15ന് കുന്നംകുളത്തും ആറ്റിങ്ങലിലും എൻഡിഎ പരിപാടിയിൽ പങ്കെടുക്കും
Mail This Article
പാലക്കാട് ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്ന് സൂചന. രണ്ടിടത്തും പൊതുസമ്മേളനമായിരിക്കുമെന്നാണു വിവരം. സന്ദർശനം സംബന്ധിച്ചു നേതൃത്വത്തിനു ഔദ്യോഗിക വിവരം ലഭിച്ചു. കോഴിക്കോട്ടും പരിപാടി സംഘടിപ്പിക്കാൻ നീക്കമുണ്ട്.
19ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ 10ന് കോയമ്പത്തൂർ മേട്ടുപാളയത്താണ് പ്രധാനമന്ത്രിയുടെ പരിപാടി. ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനാണ് എൻഡിഎ സ്ഥാനാർഥി. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും.
ത്രികോണമത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനു സഹായമാകുന്ന രീതിയിലാണ് ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നംകുളം പരിപാടിക്കു പരിഗണിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി. റെയ്ഡും സിപിഎം നേതാക്കളെ ചോദ്യം ചെയ്യലും ഉൾപ്പെടെ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം മുതൽ ഔദ്യോഗികവും പാർട്ടി പരിപാടികളിലുമായി ഇതിനകം പലതവണ പ്രധാനമന്ത്രി കേരളത്തിലെത്തി. 2023 ഏപ്രിലിൽ കൊച്ചിയിൽ നടന്ന യുവജനസംഗമം, തൃശൂരിലെ വനിതാ സംഗമം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനൊപ്പം തൃപ്രയാർ ക്ഷേത്രദർശനം, കൊച്ചിയിൽ ഷിപ്‌യാർഡിലെ ഔദ്യോഗിക പരിപാടിക്കുശേഷം പാർട്ടിയുടെ റോഡ് ഷോ, തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ് പത്തനംതിട്ടയിൽ എൻഡിഎ സമ്മേളനം, തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം പാലക്കാട് റോഡ് ഷോ എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂർ മണ്ഡലവുമായി ബന്ധപ്പെട്ട് ഇതു മൂന്നാം തവണയാണു പ്രധാനമന്ത്രിയുടെ സന്ദർശനം. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനുള്ള പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമാണ് പ്രധാനമന്ത്രിയുടെ അടിയ്ക്കടിയുള്ള സന്ദർശനത്തിന് പിന്നിൽ.