തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിൽ സന്തോഷം: കെ. ബാബു
Mail This Article
കൊച്ചി∙ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം. സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളിയതിൽ വളരെ സന്തോഷമുണ്ടെന്ന് കെ. ബാബു എംഎൽഎ. ‘‘തിരഞ്ഞെടുപ്പ് വിധി അസാധുവാക്കണം എന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് സ്ഥാനാർഥി കോടതിയെ സമീപിച്ചത്. അത് ഇന്നു തള്ളി. അയ്യപ്പ സ്വാമിയുടെ ചിത്രം വച്ചു സ്ലിപ് അടിച്ചു എന്നായിരുന്നു ആരോപണം. ഞങ്ങൾ ഇങ്ങനെ ഒരു സ്ലിപ് അടിച്ചിട്ടില്ല. കൃത്രിമമായി ഉണ്ടാക്കിയ സ്ലിപ്പ് ആണ്. 2021ലെ ജനവിധി ജനകീയ കോടതി വിജയിപ്പിച്ചു.’’– കെ. ബാബു പറഞ്ഞു.
നീതിന്യായ കോടതി സത്യം കണ്ടെത്തി. ഈ വിധി അംഗീകരിക്കാൻ എൽഡിഎഫും എൽഡിഎഫ് സ്ഥാനാർഥിയും തയാറാകണമെന്നും കെ. ബാബു ആവശ്യപ്പെട്ടു. ‘‘7 തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ഇതുവരെ കൃത്രിമം കാണിച്ചിട്ടില്ല. ഞാൻ ബിജെപി വോട്ട് വാങ്ങിയാണു ജയിച്ചതെന്നു മുഖ്യമന്ത്രിവരെ നിയമസഭയിൽ പറഞ്ഞു. അതു തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് എന്നു അന്നേ പറഞ്ഞിരുന്നു. വിധി യുഡിഎഫ് പ്രവർത്തകർക്ക് ആവേശം നൽകുന്നതാണ്.’’– കെ. ബാബു കൂട്ടിച്ചേർത്തു.