ADVERTISEMENT

കൊച്ചി∙ തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന തന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതെന്നു സിപിഎം നേതാവ് എം.സ്വരാജ് . വിശ്വാസികള്‍ക്കിടയില്‍ ദൈവത്തിന്റെ ചിത്രം പതിച്ച സ്ലിപ്പുകള്‍ തുടർന്നും വിതരണം ചെയ്യപ്പെടാൻ ഈ വിധി ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം നടപടികളെല്ലാം ഹൈക്കോടതി അംഗീകരിച്ചെന്നാവും ഇനി പറയുക. ഇക്കാരണത്താല്‍ ചോദ്യം ചെയ്യപ്പെടേണ്ട വിധിയാണിത്. വിധിയെ വ്യക്തിപരമായല്ല കാണുന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ചു തുടര്‍നടപടികൾ സ്വീകരിക്കുമെന്നും സ്വരാജ് പറഞ്ഞു.

‘‘കോടതി വിധിയെക്കുറിച്ച് അറിയുക മാത്രമാണു ചെയ്തത്. വിധിയുടെ വിശദാംശങ്ങൾ എനിക്കു ലഭിച്ചിട്ടില്ല. എങ്കിലും എന്റെ ഹർജി തള്ളിയതുമായി ബന്ധപ്പെട്ട് എനിക്കു പ്രതികരിക്കാനുള്ളത്, ഞാൻ കോടതി മുൻപാകെ ഉന്നയിച്ചത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനത്തെ സംബന്ധിച്ചുള്ള ഗുരുതരമായ പ്രശ്നമാണ്. അതു തിരഞ്ഞെടുപ്പിൽ ‍പരാജയപ്പെട്ടപ്പോൾ മാത്രം ഒരു പരാതിയുമായി ചെന്നതല്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്ന ഘട്ടത്തിലുടനീളം ഈ പ്രശ്നമുണ്ടായിരുന്നു. അത് നിയമപരമായി അന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെയാണ് അറിയിക്കേണ്ടത്. അവിടെ പരാതി നൽകുകയും ചെയ്തിരുന്നു. അതും പലവട്ടം.

ആ പരാതികളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുകയും ഞങ്ങൾ ഉന്നയിച്ച കാര്യത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് യുഡിഎഫിന്റെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ലംഘിക്കുന്ന പ്രചാരണങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ചുവരെഴുത്തുകൾ മായിച്ചു, ബോർഡുകൾ എടുത്തുമാറ്റി. ഈ നടപടികളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചതാണ്. അതിന്റെ തുടർച്ചയായാണ്, തിരഞ്ഞെടുപ്പു ഫലം വന്നതിനു‌ശേഷം ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയത്.

എല്ലാ തെളിവുകളും രേഖകളും ഉള്ളതാണ് കേസ്. അതെല്ലാം കോടതിയെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചതാണ്. പക്ഷേ, വിധിയിപ്പോൾ മറിച്ചാണ് വന്നിരിക്കുന്നത്. അത് വളരെ വിചിത്രമായ വിധിയാണ്. ഈ വിധി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതല്ല, മറിച്ച് ദുർബലപ്പെടുത്തുന്നതാണ്. ഭാവിയിലും വിവിധ വിശ്വാസങ്ങളെ പിൻപറ്റുന്ന ജനവിഭാഗങ്ങൾക്കിടയിൽ അവർ ആരാധിക്കുന്ന ദൈവത്തിന്റെ ചിത്രങ്ങളോ പേരോ ഉപയോഗപ്പെടുത്തി അങ്ങനെത്തന്നെ അച്ചടിച്ച് തിരഞ്ഞെടുപ്പ് സ്ലിപ്പായി വിതരണം ചെയ്താൽപോലും അതൊന്നും കുഴപ്പമില്ല, അതെല്ലാം സാധൂകരിക്കപ്പെടുന്നതാണ് എന്ന തോന്നൽ ഈ വിധി മൂലം ഉണ്ടാകും. അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. അതുകൊണ്ടുതന്നെ ഈ വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പാർട്ടിയുമായും അഭിഭാഷകരുമായും സംസാരിച്ച് ഈ വിധിയെ നിയമപരമായി ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.

ഏറെ ദുർബലമെങ്കിലും ഒരു ജനപ്രാതിനിധ്യ നിയമം നമുക്കുണ്ട്. ആ നിയമം അനുസരിച്ചുതന്നെ വളരെ നഗ്നമായ നിയമലംഘനമാണ് അവിടെ നടന്നത്. അതു നടന്ന ഘട്ടത്തിൽത്തന്നെ ഞങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു മുൻപാകെ പലതവണ പരാതി നൽകി. ഞങ്ങളുടെ പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയ കമ്മിഷൻ നടപടികളും സ്വീകരിച്ചു. ഇതിനിടെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് സ്ലിപ്പ് വിതരണം ചെയ്തത്. ആ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുന്നതുകൊണ്ട് കാര്യമില്ലാത്തതിനാൽ പൊലീസിൽ പരാതി നൽകി. അതായത്, പ്രചാരണ ഘട്ടം മുതലേ ഞങ്ങൾ ഉന്നയിക്കുന്ന ഒരു വിഷയമാണിത്. അല്ലാതെ തോറ്റപ്പോൾ ഒരു കേസ് പൊക്കിക്കൊണ്ടു വന്നതല്ല. 

മതചിഹ്നം ഉപയോഗിച്ചു കെ.ബാബു വോട്ട് തേടി എന്നായിരുന്നു സ്വരാജ് സമർപ്പിച്ച ഹർജിയിലെ ആക്ഷേപം. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണു വിധി പറഞ്ഞത്. വോട്ടര്‍മാര്‍ക്കു നല്‍കിയ സ്ലിപ്പില്‍ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചത് അടക്കമുള്ള വിഷയങ്ങളാണു സ്വരാജിന്റെ പരാതിക്ക് ആധാരം. താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിനു തുല്യമാണെന്നു കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്‍റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം.

English Summary:

M Swaraj Challenges High Court's Rejection of Election Result Annulment, Claims Threat to Secular Voting Practices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com