രാമേശ്വരം കഫേ സ്ഫോടനം: മുഖ്യ ആസൂത്രകൻ ഉൾപ്പെടെ രണ്ടുപേരെ എൻഐഎ കൊൽക്കത്തയിൽനിന്ന് പിടികൂടി
Mail This Article
ബെംഗളൂരു∙ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഉൾപ്പെടെ രണ്ടു പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊൽക്കത്തയിലെ ഒളിയിടത്തിൽനിന്നു പിടികൂടി. മുഖ്യ ആസൂത്രകനായ മുസ്സാവിർ ഹുസൈൻ ഷാസിബ്, ഗൂഢാലോചനയിൽ പങ്കുള്ള അബ്ദുൽ മാത്തീൻ താഹാ എന്നിവരെയാണ് എൻഐഎ പിടികൂടിയത്. മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരുവിലെ രാമേശ്വരം കഫെയിൽ സ്ഫോടനം.
ഷാസിബും താഹയും കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുള്ള തീർഥഹള്ളിയിൽനിന്നുള്ളവരാണ്. വ്യാജ പേരുകളിലാണ് ഇരുവരും കൊൽക്കത്തയിൽ താമസിച്ചിരുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ബംഗാൾ, തെലങ്കാന, കർണാടക, കേരള പൊലീസ് സേനയും അന്വേഷണത്തിൽ സഹായിച്ചുവെന്ന് എൻഐഎ അറിയിച്ചു. കർണാടകയിലെ 12 ഇടത്തും തമിഴ്നാട്ടിലെ അഞ്ച്, ഉത്തർപ്രദേശിലെ ഒരിടത്തുമായി 18 ഇടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയിട്ടുണ്ട്.
കേസിൽ നേരത്തേ ചിക്കമംഗളൂരുവിലെ ഖൽസ സ്വദേശിയായ മുസമ്മിൽ ഷരീഫിനെ നേരത്തേ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവർ മൂവരും ഐഎസ് സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്ന് എൻഐഎ നേരത്തേ പ്രഖ്യാപിച്ചിരുന്നു.