മലയാള സിനിമയ്ക്ക് പിവിആറിന്റെ ‘കട്ട്’; നഷ്ടം നികത്താതെ ഇനി പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്ക
Mail This Article
കൊച്ചി∙ പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നതു നിർത്തിവച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇതു പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിവിആർ ‘കാർട്ടൽ’ സ്വഭാവത്തിലാണു പെരുമാറുന്നതെന്നും മലയാളത്തിന്റെ അന്തസ്സിനെ ചേദ്യം ചെയ്യുകയാണെന്നും ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും പറഞ്ഞു. പിവിആറിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്കു വ്യാപിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. വിഷയത്തെ നിയമപരമായും ഇടപെടും. പ്രശ്നം മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. പിവിആർ ഗ്രൂപ്പിന്റെ പ്രധാന തിയറ്ററുകൾ ലുലു മാളുകളിൽ ഉള്ളതിനാൽ എം.എ.യൂസഫലിയോടും സംസാരിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ റിലീസ് ചെയ്യുന്നതിനു തൊട്ടുമുമ്പാണു പിവിആറിന്റെ തീരുമാനം അറിയുന്നതെന്നു വിനീത് ശ്രീനിവാസൻ പറഞ്ഞു. വലിയ ബുദ്ധിമുട്ടാണ് ഇതുണ്ടാക്കിയത്. ഇതു പണത്തിന്റെയോ ലാഭത്തിന്റെയോ പ്രശ്നമല്ലെന്നും കലാകാരന്മാരുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പിവിആർ സ്ക്രീനുകളിൽ മറ്റു ഭാഷകളിലെ സിനിമകള്‍ മലയാളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കവും തടയുമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇക്കാര്യം തമിഴ്, തെലുങ്ക്, കന്നഡ സിനിമാ സംഘടനകളുമായി സംസാരിച്ചിട്ടുണ്ട്. ഒരു സിനിമാ വ്യവസായത്തോടും ചെയ്യാത്ത വിധത്തിലാണു മലയാള സിനിമയെയും മലയാളത്തെയും അപമാനിച്ചത്. ഈ ഗ്രൂപ്പ് മറ്റു ഭാഷകളിലുള്ള സിനിമകളോട് ഇത്തരത്തിൽ ചെയ്യാൻ ധൈര്യപ്പെടുമോ എന്നും ഉണ്ണികൃഷ്ണൻ ചോദിച്ചു.
കൊച്ചിയിൽ ഈയിടെ ഫോറം മാളിൽ ആരംഭിച്ച പിവിആർ–ഐനോക്സിൽ സിനിമയുടെ പ്രദർശനത്തിനുള്ള കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പിവിആറുമായുള്ള തർക്കമാണു വലിയ വിവാദമായി മാറിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ഉപയോഗിച്ചാൽ തിയറ്റുകൾക്കു കൊടുക്കേണ്ട പണം ഗണ്യമായി കുറയ്ക്കാം. എന്നാൽ യുഎഫ്ഒ പ്രൊജക്‌ഷൻ സംവിധാനം ഉപയോഗിക്കുന്ന പിവിആർ ഇതിന് തയാറല്ല. യുഎഫ്ഒ, ക്യൂബ് തുടങ്ങി ഏതു പ്രൊജക്‌ഷൻ ഉപയോഗിച്ചാലും കുഴപ്പമില്ലെന്നും വിപിഎഫ് തുക ഒഴിവാക്കണമെന്നാണ് ആവശ്യമെന്നു ഫെഫ്കയും പ്രെഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. ഈ ചർച്ചകൾ നടക്കവേയാണു പിവിആർ മലയാള സിനിമകള്‍ പ്രദർശിപ്പിക്കുന്നതിൽനിന്നു വിട്ടുനില്‍ക്കുന്നത്.