ADVERTISEMENT

കൊച്ചി∙ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആനയെ മഴയുടെ മറവിൽ കിണർ ഇടിച്ച് പുറത്തെത്തിച്ച് വനത്തിലേക്ക് ഓടിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. ആനയെ മയക്കുവെടി വയ്ക്കുമെന്നായിരുന്നു അധികൃതർ പ്രദേശവാസികൾക്കു നൽകിയിരുന്ന ഉറപ്പ്. ആനയെ രക്ഷിക്കാനെത്തിച്ച മണ്ണുമാന്തി യന്ത്രം അടക്കം പിടിച്ചുവച്ചാണു പ്രദേശവാസികൾ പ്രതിഷേധം തുടരുന്നത്.

തങ്ങൾ പ്രതിഷേധം തുടരാൻ കാരണം വനംവകുപ്പും മറ്റു വകുപ്പുകളും കാണിച്ച വഞ്ചനയെന്നാണു പ്രദേശവാസികൾ പറയുന്നത്. ഇടിഞ്ഞുപോയ കിണർ കെട്ടിസംരക്ഷിക്കുന്നതുവരെ കുടിവെള്ളം ടാങ്കറിൽ എത്തിക്കുമെന്ന വാഗ്ദാനവും കിണർ ഉപയോഗയോഗ്യമാക്കി നൽകും എന്നതും പാലിക്കപ്പെടണമെന്നു ജനങ്ങൾ ആവശ്യപ്പെടുന്നു. കിണർ ഉള്ള സ്ഥലത്തേക്കു മണ്ണുമാന്തിയന്ത്രം കൊണ്ടുവരാനായി വഴി വെട്ടിയതിലും അതിനായി ഏതാനും റബർ മരങ്ങളടക്കം മുറിച്ചു മാറ്റിയതിനും ഇതിന്റെ ഉടമസ്ഥനു നഷ്ടപരിഹാരം കിട്ടണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടു വയ്ക്കുന്നു.

16 മണിക്കൂറോളം കിണറ്റിൽ കിടന്ന ആനയെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണു രക്ഷപ്പെടുത്തി വനപ്രദേശത്തേക്ക് ഓടിച്ചത്. പകൽ മുഴുവൻ ആന കിണറിന്റെ ഭിത്തി തനിയെ ഇടിച്ചു കയറി വരുമെന്നു പ്രതീക്ഷിച്ചിരുന്നശേഷം മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു ഭിത്തി ഇടിച്ചാണ് ആനയെ രക്ഷപെടുത്തിയത്. ആനയുടെ ആക്രമണവും കൃഷി നശിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രോഷാകുലരായിരുന്ന ജനങ്ങളെ സമാധാനിപ്പിക്കാൻ അധികൃതർ ഇതിനിടെ യോഗം വിളിച്ചിരുന്നു. 

കിണറ്റിൽ വീണ ആനയെ വെള്ളം വറ്റിച്ച് മയക്കുവെടി വച്ച് ലോറിയിൽ കയറ്റി വനപ്രദേശത്തെത്തിക്കും എന്നതായിരുന്നു ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ആദ്യ തീരുമാനം. ഇത് അടിയന്തരമായി നടപ്പാക്കുന്നതിനു ചുമതലപ്പെടുത്തിയത് കോതമംഗലം ഡിഎഫ്ഒയെയും. എന്നാൽ മൂന്നര-നാലു മണിയോടെ പെയ്ത മഴയുടെ മറവിൽ കിണർ ഇടിച്ച് ആനയെ പുറത്തെത്തിച്ചു വനത്തിലേക്ക് ഓടിക്കുകയാണ് അധികൃതർ ചെയ്തത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ പ്രദേശവാസികൾക്കു നൽകിയ വാക്ക് നഗ്നമായി ലംഘിക്കുകയായിരുന്നു. കിണറ്റിൽ വീണ ആന ഉൾപ്പെടെ ഇടയ്ക്കിടെ കോട്ടപ്പടിയിലെത്തി കാർഷിക വിളകൾ അടക്കമുള്ളവ നശിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനൊരു തീരുമാനം ഉണ്ടാകണം എന്ന ജനങ്ങളുടെ ആവശ്യമാണ് അധികൃതർ ഏതാനും മണിക്കൂറുകൾ കൊണ്ട് അട്ടിമറിച്ചത്.

അതേസമയം, സമയം സന്ധ്യയായി വരുന്നതും മഴ കനത്തതും മൂലം എത്രയും വേഗം ആനയെ കിണറ്റിൽ നിന്നു കയറ്റുന്നതിനാണ് തങ്ങൾ പ്രാമുഖ്യം കൊടുത്തത് എന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ആനയ്ക്ക് പരുക്കേറ്റിരുന്നതും 16 മണിക്കൂറോളം കിണറ്റിൽ കഴിഞ്ഞിരുന്നതിനാൽ ക്ഷീണിതനായിരുന്നു എന്നതും തീരുമാനത്തിനു കാരണമായി അവർ പറയുന്നു.

English Summary:

Protest against Forest officers in Kottapadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com