ADVERTISEMENT

മലപ്പുറം∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്. പ്രത്യേക രീതിയിലാണ് സര്‍വേ വരുന്നതെന്നും ഇതിനെ പെയ്ഡ് ന്യൂസെന്ന് പറയാമെന്നും മുഖ്യമന്ത്രി മലപ്പുറത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.കെ. ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തമാണെന്നും അദ്ദേഹം വിമർശിച്ചു.

‘‘വടകരയിൽ കെ.കെ. ശൈലയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണമെല്ലാം ശുദ്ധ തെമ്മാടിത്തമല്ലേ? ഇത്തരം തെമ്മാടിത്തങ്ങൾ രാഷ്ട്രീയത്തിൽ അനുവദിക്കാൻ പാടുള്ളതാണോ? ഇതിനെതിരെ അതതു പാർട്ടികളുടെ നേതൃത്വം തന്നെ രംഗത്തുവരേണ്ടതല്ലേ? എങ്ങനെയാണ് ഇത്രയും ഹീനമായ രീതിയിൽ ഒരു രാഷ്ട്രീയ നേതാവിനെതിരെ പ്രചാരണം നടത്താൻ കഴിയുന്നത്? നമ്മുടെ പൊതുവായ സാംസ്കാരിക രീതിയെ അല്ലേ അതു വെല്ലുവിളിക്കുന്നത്. അത്തരം ആളുകളെയും അവരുടെ ചെയ്തികളെയും ആ ശൈലിയെയും തള്ളിപ്പറയാൻ എന്താണ് കോൺഗ്രസ് നേതൃത്വത്തിനു മടി?’’ – മുഖ്യമന്ത്രി ചോദിച്ചു.

ജനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ യുഡിഎഫിന് വ്യക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശബ്ദം യുഡിഎഫിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. സ്വന്തം പാര്‍ട്ടിയുടെയും മുസ്‍ലിം ലീഗിന്റെയും പതാക ഉയര്‍ത്തി വോട്ടു ചോദിക്കാൻ അവർക്കാകുന്നില്ല. ബിജെപിയെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രപരമായി താല്‍പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരം അധികാരത്തിനു വേണ്ടി മാത്രമായി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് അവസാനിക്കുന്നില്ല. കേരളത്തിലും ഇത് തുടങ്ങിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മലപ്പുറത്തെ ബിജെപി സ്ഥാനാർഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് വിസിയായ ആളാണ്. കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം, മാവേലിക്ക മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ യുഡിഎഫിന്റെ സംഭാവനകളാണ്. ബിജെപിക്ക് കേരളത്തില്‍ നാലില്‍ ഒന്നു സ്ഥാനാർഥികളെ നൽകിയത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Chief Minister Pinarayi Vijayan Calls Out 'Paid Surveys' in Lok Sabha Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com