ADVERTISEMENT

തിരുവനന്തപുരം/കോഴിക്കോട്∙ സുഗന്ധഗിരി മരം മുറി സംഭവത്തിൽ ഡിഎഫ്ഒ ഷജ്നയുടെ സസ്പെൻഷൻ മരവിപ്പിച്ചു. നടപടി ഉണ്ടായി 24 മണിക്കൂർ തികയും മുമ്പേയാണ് ഉത്തരവ് പിൻവലിക്കാൻ വനംമന്ത്രി നിർദേശം നൽകിയത്.  ഷജ്നയ്ക്കൊപ്പം സസ്പെൻഷൻ നേരിടേണ്ടി വന്ന കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ (ഗ്രേഡ്) ബീരാൻ കുട്ടി എന്നിവർക്കെതിരെയുള്ള നടപടികളും ഇതോടെ മരവിപ്പിക്കപ്പെട്ടു. നേരത്തേ സസ്പെൻഡ് ചെയ്യപ്പെട്ട കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെതിരെയുള്ള നടപടി മാത്രം ഇനി അതേപടി തുടരും. ബുധനാഴ്ച അർധരാത്രിയോടെയാണ് ഷജ്ന ഉൾപ്പെടെ മൂന്നു പേരെയും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. 

വയനാട് സുഗന്ധഗിരിയിൽനിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തിൽ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഎഫ്ഒയ്ക്ക് പുറമേ കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെയും സസ്പെൻഡ് ചെയ്തിരുന്നു. 18 ജീവനക്കാർ സംഭവത്തിൽ കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരിശോധനകളില്ലാതെ മരം മുറിക്കാൻ അനുമതി നൽകി, കേസുകൾ റജിസ്റ്റർ ചെയ്തിട്ടും കുറ്റവാളികൾ മരം കടത്തി, പ്രതികളെക്കുറിച്ച് അറിവുണ്ടായിട്ടും നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വയനാട് സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ചത് വിജിലൻസാണ് അന്വേഷിച്ചത്. വിജിലന്‍സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരടക്കം  കുറ്റാരോപിതരായ 18 വനം ജീവനക്കാര്‍ക്കെതിരെ വനം വിജിലന്‍സ് അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇതിൽ 5 പേർ സസ്പെൻഷനിലാണ്.

സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സജ്ന.എ, കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസര്‍ നീതു.കെ, ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്‍, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ശുപാര്‍ശ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com