ADVERTISEMENT

കൊച്ചി ∙ സുരക്ഷാ കാര്യങ്ങളുടെ ഭാഗമായി കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിങ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ചിത്രീകരിക്കുക. വടകര ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കങ്ങളും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ, ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ട വോട്ട് പ്രശ്നത്തിൽ തീർപ്പുണ്ടാക്കിയതാണെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഹർജികൾ ഇന്ന് കോടതി പരിഗണിക്കും. 

സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ ഒരുക്കങ്ങളും കമ്മിഷൻ നടപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളുടെയും മേൽനോട്ടത്തിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താൻ അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്മിഷൻ പറയുന്നു. 26ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അന്തിമ നിമിഷത്തിൽ മാറ്റങ്ങൾ വരുത്തുന്നത് മുഴുവൻ കാര്യങ്ങളും താറുമാറാക്കും. ഈ സാഹചര്യത്തിൽ ഹർജി അനുവദിക്കരുതെന്നും കമ്മിഷൻ സത്യവാങ്മൂലത്തിൽ പറയുന്നു.

മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ മുൻവർഷങ്ങളിൽ‍ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് കെ.പ്രവീൺ കുമാർ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. ബൂത്തുകളിൽ എതിർകക്ഷികളുടെ ഏജന്റുമാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും ഇവിടെ വിന്യസിക്കുന്ന ഉദ്യോഗസ്ഥർ തന്നെ സിപിഎം ആഭിമുഖ്യമുള്ളവരാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 

ആറ്റിങ്ങലിലെ ഇരട്ട വോട്ടുമായി ബന്ധപ്പെട്ടും കമ്മിഷൻ കോടതിയെ നിലപാട് അറിയിച്ചിട്ടുണ്ട്. ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയ ‘130’ ഇരട്ട വോട്ടുകൾ കമ്മിഷൻ മാർച്ച് 16നു തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്ന് മറുപടി സത്യവാങ്മൂലത്തിൽ‍ പറയുന്നു. പേരുകൾ ആവർത്തിച്ചു വരുന്നതായി കണ്ടെത്തിയ 311 എണ്ണത്തിൽ 226 എണ്ണം നീക്കം ചെയ്തിരുന്നു. പിന്നീട് കണ്ടെത്തിയ 85 എണ്ണം നീക്കം ചെയ്യാനുള്ള സമയപരിധി കഴിഞ്ഞതിനാൽ ‘എ, എസ്, ഡി’ (ആബ്സെന്റ്, ഷിഫ്റ്റഡ്, ഡെത്ത്) പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു എന്നും കമ്മിഷൻ പറയുന്നു. 

മാത്രമല്ല, ഇരട്ടവോട്ട് സംബന്ധിച്ച് അടൂർ പ്രകാശ് ആരോപണമുന്നയിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ വരണാധികാരി അദ്ദേഹവുമായി മാർച്ച് ഒന്നിന് യോഗം ചേരുകയും വിഷയത്തിൽ വ്യക്തത വരുത്തുകയും ചെയ്തിരുന്നു എന്നും കമ്മിഷൻ പറയുന്നു. ആറ്റിങ്ങലിൽ 1,61,237 ഇരട്ട വോട്ടുകളുണ്ടെന്നും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കാട്ടിയാണ് അടുർ പ്രകാശിനു വേണ്ടി വർക്കല കഹാർ ഹൈക്കോടതിയെ സമീപിച്ചത്. 

English Summary:

Election Commission recommends web casting in all booths of 8 constituencies in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com