‘ഡിഎഫ്ഒയുടെ വിശദീകരണം തേടാതെ ഉത്തരവിറക്കിയതിൽ തെറ്റുപറ്റി; അതിനാലാണ് സസ്പെൻഷൻ പിൻവലിച്ചത്’
Mail This Article
കൽപറ്റ∙ സുഗന്ധഗിരി മരം മുറി കേസിൽ ഡിഎഫ്ഒയുടെ വിശദീകരണം തേടാതെയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയതെന്നും അതിനാലാണ് പിൻവലിച്ചതെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വിശദീകരണം തേടാതെ ഉത്തരവിറക്കിയതിൽ തെറ്റുപറ്റിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട പരാതി വന്നപ്പോൾ പ്രാഥമിക അന്വേഷണം നടത്തി. അത് തൃപ്തികരമാകാത്തതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനിടെയാണ് ഡിഎഫ്ഒയോട് വിശദീകരണം തേടാതെ സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്.
നടപടിക്രമം പാലിക്കാതെയുള്ള ഉത്തരവായതിനാൽ കോടതിയിൽ പോയാൽ ഉത്തരവ് നിലനിൽക്കില്ല. അതിനാലാണ് നിയമപരമായ പിഴവ് തിരുത്തിയത്. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നാണ് പിഴവു പറ്റിയ കാര്യം അറിഞ്ഞത്. രാഷ്ട്രീയ ഇടപെടലുണ്ടായില്ല. തിരഞ്ഞെടുപ്പ് ആയതിനാൽ മന്ത്രി നേരിട്ട് പല കാര്യങ്ങളിലും ഇടപെടാറില്ല. ഡിഎഫ്ഒയിൽനിന്ന് വിശദീകരണം ലഭിച്ച ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും.
ഒറ്റപ്പെട്ട ഇടങ്ങളിൽ അനധികൃതമായി മരം മുറി നടക്കുന്നുണ്ട്. അതിനെതിരെയെല്ലാം ശക്തമായ നടപടി എടുക്കും. യുഡിഎഫിന്റെ ഒരു എംപി പോലും വനം നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന സംസ്ഥാന സർക്കാർ നിലപാടിനോട് യോജിക്കാൻ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്താണ് എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. അദ്ദേഹത്തിന് മൃദുഭാഷ ഉപയോഗിക്കാമായിരുന്നു. ബിജെപി സർക്കാർ അറസ്റ്റ് ചെയ്യാത്തതിലുള്ള അസഹിഷ്ണുതയാണത്. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആരും ആക്ഷേപിച്ചില്ല. പക്ഷേ രാഹുൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചു. ഇത് സഖ്യത്തെ സാരമായി ബാധിക്കും. പതാക പാർട്ടിയുടെ അഭിമാനമാണ്. അത് പ്രചാരണത്തിൽനിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് കോൺഗ്രസ് യുക്തിസഹമായ മറുപടി പറയണം. ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടുന്നതിന് കോൺഗ്രസിന് പദ്ധതിയില്ല. കോൺഗ്രസിന്റെ അന്ധമായ ഇടതുപക്ഷ വിരോധത്തിൽ അറുതി വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.