‘കേരളം പണക്കാരുടെ സ്ഥലം, ധാരാളം സ്വർണമുണ്ട്’; വാഹനത്തിൽ അന്തിയുറങ്ങി കള്ളനെ പിടിക്കുന്ന ‘സൂപ്പർ പൊലീസ്’
Mail This Article
തിരുവനന്തപുരം∙ എവിടെ മോഷണം നടത്തിയാലും കന്യാകുമാരിയിലെത്തി കടലിൽ കുളിച്ച് ക്ഷേത്രദർശനം നടത്തുന്ന തമിഴ്നാട്ടിലെ ചില തിരുട്ടുഗ്രാമക്കാർ, കനത്ത സുരക്ഷാ സന്നാഹങ്ങളോടെ കുഗ്രാമങ്ങളിൽ സുരക്ഷിതമായി കഴിയുന്ന രാജസ്ഥാനിലെയും ഹരിയാനയിലെയും മോഷണ സംഘങ്ങൾ... വിചിത്രമായ രീതികളും ക്രൂരസ്വഭാവവുമുള്ള ഇതര സംസ്ഥാനങ്ങളിലെ കുറ്റവാളികളെയാണു കേരള പൊലീസിലെ വിവിധ സംഘങ്ങള്‍ ദിവസങ്ങളോളം പിൻതുടർന്ന് പിടികൂടുന്നത്. ഭാഷയറിയാതെ സഹായങ്ങളില്ലാതെ ആവശ്യത്തിനു ഭക്ഷണം പോലുമില്ലാതെയുള്ള അന്വേഷണം ദിവസങ്ങൾ നീളും. കൂട്ടിനുള്ളത് മനക്കരുത്തും കുറ്റവാളിയെ പിടികൂടുമെന്ന നിശ്ചയദാർഢ്യവും. എന്തുകൊണ്ടാണ് കേരളം ഇതര സംസ്ഥാന മോഷണ സംഘങ്ങളുടെ ഇഷ്ടയിടമാകുന്നത്. പൊലീസുകാർക്ക് മോഷ്ടാക്കളിൽനിന്നു ലഭിക്കുന്ന മറുപടി ഇങ്ങനെ: ‘കേരളം പണക്കാരുടെ സ്ഥലമാണ്, ധാരാളം സ്വർണവുമുണ്ട്’.
ഇതര സംസ്ഥാനങ്ങളിൽ പോയി അന്വേഷിക്കേണ്ട കേസുകൾക്ക് അനുമതി നൽകേണ്ടതു ക്രമസമാധാന ചുമതലയുള്ള എസ്പിയാണ്. അന്വേഷണ ഉദ്യോഗസ്ഥർ മിടുക്കരായ ഉദ്യോഗസ്ഥരെ സംഘത്തിൽ ചേർക്കും. സൈബർ സെൽ സഹായത്തിനുണ്ടാകും. പുറത്തേക്ക് അന്വേഷണത്തിനു പോകാൻ എസ്പി ‘പ്രസിഡൻസി പാസ്പോർട്ട്’ നൽകും. സംഘത്തിലുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ, ഏതു സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എന്നതടക്കമുള്ള വിവരങ്ങൾ ഇതിലുണ്ടാകും. സംസ്ഥാന അതിർത്തി കടന്നാൽ, പോകുന്ന വാഹനം മാത്രമാകും പൊലീസുകാർക്കു പരിചിതമായുള്ളത്. ബുദ്ധിയും ശക്തിയും അനുകൂല സാഹചര്യങ്ങളും ഒത്തിണങ്ങിയാൽ കുറ്റവാളി വലയിൽ കുരുങ്ങും.
∙ ഭാഷയാണ് പ്രധാന വെല്ലുവിളി. ഉദ്യോഗസ്ഥരിൽ പലർക്കും ഹിന്ദിയറിയില്ല. പോകുന്നയിടങ്ങളിൽ ഇംഗ്ലിഷ് അറിയുന്നവരും കുറവായിരിക്കും. ഹിന്ദി കുറച്ചൊക്കെ അറിയാമെങ്കിലും പല സ്ഥലത്തെയും സംസാര രീതികൾ വ്യത്യസ്തമാണ്. മലയാളികളുടെ സഹായം തേടാമെന്നു വച്ചാൽ വിശ്വസ്തനാണെന്നു ബോധ്യമാകണം. പെട്ടെന്നുള്ള അന്വേഷണമാണെങ്കിൽ ഇതിനു കഴിയണമെന്നില്ല. ചെല്ലുന്ന സ്ഥലത്തെ പൊലീസിന്റെ സഹായം തേടാമെന്നു വച്ചാലും പ്രശ്നങ്ങളുണ്ട്. മോഷ്ടാക്കളുടെ സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരിൽ ചിലർക്കു മോഷ്ടാക്കളുമായി ബന്ധമുണ്ടാകും. കേരള പൊലീസിന്റെ ഓരോ നീക്കവും മോഷ്ടാക്കൾക്കു ചോർത്തി നൽകും.
ഇങ്ങനെ പല ഓപ്പറേഷനുകളും വഴിമുട്ടിപ്പോയ സന്ദർഭങ്ങളുണ്ടെന്നു പൊലീസുകാർ പറയുന്നു. മലയാളികളായ ഐപിഎസ് ഉദ്യോഗസ്ഥരും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുമാണു സഹായത്തിനെത്തുന്നത്. കുഗ്രാമങ്ങളിൽനിന്നു ചില പ്രത്യേക ജാതികളിലുള്ളവരാണു മോഷണത്തിനായി കേരളത്തിലെത്തുന്നത്. വലിയ മതിൽകെട്ടുകളുള്ള കുഗ്രാമങ്ങളിൽ കയറി മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചാല്‍ ജീവനോടെ മടങ്ങാൻ സാധിക്കണമെന്നില്ല. പുറത്തുനിന്നുള്ള ആളുകളെത്തിയാൽ അപ്പോൾതന്നെ വിവരം ഗ്രാമത്തിലറിയും. ചെറിയ വഴികളായതിനാൽ ഗ്രാമത്തിൽനിന്നു വേഗം രക്ഷപ്പെടാനാകില്ല. പകൽ സമയം പുറത്തുവച്ച് മോഷ്ടാവിനെ പിടികൂടാനായിരിക്കും പൊലീസ് ശ്രമിക്കുക. ഗ്രാമത്തിൽ രാത്രി കടന്നു കയറി മോഷ്ടാക്കളെ പിടികൂടിയ സംഭവങ്ങളുണ്ട്. ഗത്യന്തരമില്ലാതെ വരുമ്പോഴാണ് ഈ മാർഗം സ്വീകരിക്കുക.
വടക്കേ ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ പോയാൽ മുറിയെടുത്തു താമസിക്കാനാകില്ല. പുറത്തുനിന്നുള്ള ആളുകളെ ശ്രദ്ധിച്ചു മോഷ്ടാക്കൾക്കു വിവരമെത്തിക്കുന്നവരുണ്ട്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കാൻ ഹോട്ടലോ മറ്റു സൗകര്യങ്ങളോ ഉണ്ടാകില്ല. ഉറക്കവും കാത്തിരിപ്പുമെല്ലാം പൊലീസ് വാഹനത്തിലായിരിക്കും. വെള്ളവും ലഘുഭക്ഷണവും മാത്രം. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ ഭക്ഷണം എല്ലാവർക്കും ഇഷ്ടപെടണമെന്നില്ല. ഭക്ഷണം കഴിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവങ്ങൾ നിരവധി.
പോകുമ്പോൾ വാഹനം മാത്രമായിരിക്കും പലപ്പോഴും ലഭിക്കുക. ഇന്ധനം, താമസം, ഭക്ഷണം തുടങ്ങിയവയ്ക്കു സ്വന്തം പോക്കറ്റിൽനിന്നു പണം കണ്ടെത്തണം. കാസർകോട് സലാംഹാജി കേസിൽ പ്രതികളെ പിടികൂടിയതിന്റെ വിവരങ്ങൾ ഇങ്ങനെ: പ്രതികളുമായി പൊലീസുകാർക്ക് ഉത്തരേന്ത്യയിൽനിന്നു വിമാനമാർഗം നാട്ടിലെത്താൻ 56,000 രൂപ ചെലവാകും. അക്രമകാരികളായതിനാൽ ട്രെയിൻ യാത്ര ദുഷ്കരം. പൊലീസുകാർ കടം വാങ്ങിയാണു വിമാനമാർഗം പ്രതികളെ നാട്ടിലെത്തിച്ചത്. മാസങ്ങൾ കഴിയുമ്പോഴായിരിക്കും ഈ തുക സർക്കാർ അനുവദിക്കുക.
അക്രമിയെ കണ്ടെത്തിയാലും പ്രശ്നമാണ്. ആയുധവുമായിട്ടായിരിക്കും പ്രതികൾ പൊലീസിനെ നേരിടുന്നത്. തോക്കുണ്ടെങ്കിലും വെടിവയ്ക്കാൻ കഴിയില്ല. വെടിവച്ചാൽ ഉദ്യോഗസ്ഥൻ ഇതര സംസ്ഥാനത്ത് നിയമനടപടികൾ നേരിടേണ്ടിവരും. പലതവണ കോടതി കയറിയിറങ്ങണം. അതിനാൽ മനോബലം മാത്രമാണു കൈമുതൽ. കവർച്ച നടത്തിയശേഷം രക്ഷപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശികളായ മോഷ്ടാക്കളെ രാജസ്ഥാനിലെ അജ്മീറിലെത്തി പിടികൂടാൻ ശ്രമിച്ച ആലുവ പൊലീസ് ടീമിനു നേരെ അക്രമിസംഘം മൂന്നു റൗണ്ടാണു വെടിവച്ചത്. 2011ൽ കണ്ണൂരിൽനിന്ന് മോഷണം പോയ ലോറിയെ തിരക്കിയിറങ്ങിയ കഥ ഓർത്തെടുക്കുകയാണ് റിട്ട. എസ്ഐ ബേബി ജോർജ്. ഇദ്ദേഹത്തിന്റെയും ടീമിന്റെയും കഥയാണ് കണ്ണൂർ സ്ക്വാഡ് എന്ന പേരിൽ സിനിമയായത്.
‘‘ലോറി മോഷ്ടാവിനെ പിടികൂടി. മോഷ്ടാവ് സ്ഥിരം ലോറി വിൽക്കുന്ന സംഘം തമിഴ്നാട്ടിലുണ്ട്. അവരെയും പിടികൂടിയാലേ കേസ് അവസാനിപ്പിക്കാനാകൂ. മോഷ്ടാവിനെകൊണ്ട് തമിഴ്നാട് സംഘത്തെ വിളിപ്പിച്ച് ഒരു ലോറിയുണ്ടെന്ന് അറിയിച്ചു. കോയമ്പത്തൂരിലെ ഒരു ലോഡ്ജിലെത്താൻ തമിഴ്നാട് സംഘം പറഞ്ഞു. മോഷ്ടാവും ആറംഗ പൊലീസ് സംഘവും കോയമ്പത്തൂർ ഗാന്ധിപുരത്തെത്തി. മോഷ്ടാവിനൊപ്പം ലോഡ്ജിലെ രണ്ടാം നിലയിൽ ഞാനും മറ്റൊരു പൊലീസുകാരനും. നാലു പൊലീസുകാർ ലോഡ്ജിന് അൽപം അകലെ മാറി നിൽക്കുകയാണ്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മൂന്ന് പേരെത്തി. മുറിയിലേക്കു കയറിയതും സംശയം തോന്നി ഒരാൾ ഇറങ്ങി ഓടി. രണ്ടുപേരെ ജയരാജനെന്ന പൊലീസുകാരൻ മുറിക്കകത്തേക്കു തള്ളി. ഓടിയ ആളുടെ കൂടെ ജയരാജനും ഓടി. മുറിയിൽ ഞാനും മൂന്നു മോഷണ സംഘാംഗങ്ങളും. പെട്ടെന്ന് തോക്കെടുത്ത് ഞാന്‍ ചൂണ്ടി. മൂലയിലേക്ക് ഇരിക്കാൻ പറഞ്ഞു. ഓടിയ ആളെ പിടികൂടി ബാക്കിയുള്ള പൊലീസുകാർ വരുന്നതുവരെ വലിയ സമ്മർദ്ദമാണ് അനുഭവിച്ചത്’’– ബേബി ജോർജ് പറഞ്ഞു.
∙ കേരളത്തിൽ മോഷണത്തിന് അനുകൂല ഘടകങ്ങൾ ഏറെയാണെന്നാണ് മോഷ്ടാക്കൾ പൊലീസിനോടു പറഞ്ഞത്. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്നവരാണ് മലയാളികൾ എന്നാണ് മോഷണ സംഘങ്ങളുടെ അറിവ്. ഇതര സംസ്ഥാനങ്ങളിലുള്ളവരേക്കാൾ പണവും ആഭരണവും വീടിനുള്ളിൽ സൂക്ഷിക്കുന്നവർ. ഇതര സംസ്ഥാനങ്ങളിൽനിന്നു നിരവധിപേർ കേരളത്തിൽ ജോലിക്കായി വരുന്നതിനാൽ അവരുടെ ഇടയിൽ കഴിഞ്ഞ് വീടുകൾ നിരീക്ഷിക്കാനും മോഷണം നടത്താനും അനുകൂല സാഹചര്യം. മോഷണം നടത്താൻ സാഹചര്യം ഒത്തുവരുന്നതുവരെ മറ്റു ജോലികൾക്ക് പോകാം. മലയാളികളുടെ ആഭരണഭ്രമം മോഷ്ടാക്കൾക്ക് അറിയാം. വലിയ വീടുകൾ നിർമിച്ചാലും ദുർബലമായ കതകുകളും ജനലുകളും നിർമിക്കുന്ന മലയാളി രീതികളും അറിയാം. ലോക്കർ സൗകര്യം ഉണ്ടെങ്കിലും വീടുകളിൽ ആഭരണം സൂക്ഷിക്കുന്നതും മോഷ്ടാക്കൾക്കു സഹായകരമാണ്.