നെല്ലാക്കോട്ട ടൗണിൽ രാത്രിയിൽ കാട്ടാനയുടെ വിളയാട്ടം; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വിഡിയോ
Mail This Article
പന്തല്ലൂർ∙ വയനാട് അതിർത്തിയായ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിനടുത്ത് നെല്ലാക്കോട്ട ടൗണിൽ ഒറ്റയാൻ ഇറങ്ങി. ഇന്നലെ രാത്രിയിൽ ടൗണിലെത്തിയ ആനയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ടൗണിൽ നിൽക്കുന്ന ആനയെ കണ്ട കാർ ഡ്രൈവർ, കാർ പിറകോട്ടെടുത്ത് മറ്റൊരു വഴി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം.
ആനയെക്കണ്ട് എത്തിയ തെരുവ് നായ്ക്കൂട്ടത്തെയും ആന തുരത്തി. ഇതിനിടെ മറ്റൊരു കാർ ആനയുടെ സമീപത്തുകൂടി പോയെങ്കിലും ആനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുടർന്ന് ബസാർ ഭാഗത്ത് നാസറിന്റെ ഉടമസ്ഥതയിലുള്ള കട കുത്തിത്തുറന്നു. ആളുകൾ എത്തി ബഹളം വച്ചതോടെ ആന പിന്തിരിയുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് ഉച്ചയ്ക്ക് 12 മണിയോടെ നെല്ലാക്കോട്ട ബസാറിൽ ആന എത്തിയിരുന്നു. ബസാർ മേഖലയിൽ തുടർച്ചയായി വരുന്ന ഈ ആനയെ പിടികൂടി മുതുമല കടുവാ സങ്കേതത്തിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയാളികൾ ഏറെയുള്ള സ്ഥലമാണ് നെല്ലാക്കോട്ട.