ADVERTISEMENT

നാദാപുരം∙ വാണിമേൽ ക്രസന്റ് സ്കൂളിലെ ബൂത്തിൽ ടോക്കൺ ലഭിച്ചിട്ടും നാലുപേർക്കു വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ആരോപണം. ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി നാലുപേർ എത്തിയത്. സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ നിലപാട്. ഇതോടെ സ്ഥലത്ത് പ്രശ്നം ഉടലെടുത്തു. 

രാത്രി 11.55ന് കലക്ടർ സംഭവത്തിൽ ഇടപെട്ടു. സമയം വൈകിയതിനാൽ പ്രിസൈഡിങ് ഓഫിസറുടെ തീരുമാനം അംഗീകരിക്കണമെന്ന് കലക്ടർ അറിയിച്ചു. ഇതോടെ നാലുപേർക്കും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായി. പോളിങ് സ്റ്റേഷനിലെ ഏജന്റുമാർ ഈ നടപടിയെ അംഗീകരിക്കാൻ തയാറായില്ല. പോളിങ് ഏജന്റുമാരുടെ ഒപ്പ് ഇല്ലാതെ വോട്ടിങ് യന്ത്രവുമായി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. യുഡിഎഫ് അനുഭാവികളായ നാലുപേർക്കാണ് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതെന്നാണു വിവരം.

ടോക്കൺ നമ്പർ വിളിച്ച സമയത്ത് ഇവർ പോളിങ് ബൂത്തിന് സമീപത്തുണ്ടായിരുന്നില്ലെന്നാണു വിവരം. പിന്നീട് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വന്നപ്പോൾ പ്രിസൈഡിങ് ഓഫിസർ അനുമതി നൽകിയില്ല. ഇതോടെയാണ് തർക്കം ഉടലെടുത്തത്. നിയമ നടപടികളെക്കുറിച്ചുൾപ്പെടെ ആലോചിക്കുമെന്നാണു വോട്ടു നഷ്ടമായവർ പറയുന്നത്. ഇതിനിടെ രാത്രി പത്തരയോടെ പ്രിസൈഡിങ് ഓഫിസറെ ബന്ദിയാക്കി യുഡിഎഫ് പ്രവർത്തകർ വോട്ടു ചെയ്തുവെന്ന് എൽഡിഎഫ് വാർത്താക്കുറിപ്പും ഇറക്കി.

വടകരയിലും കോഴിക്കോടും പലയിടങ്ങളിലും യന്ത്രത്തകരാർ കാരണം പോളിങ് തുടങ്ങാൻ വൈകിയതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മെല്ലെപ്പോക്കിന് കാരണമായി. വടകര മണ്ഡലത്തിൽ ഓപ്പൺവോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയർന്നതും പോളിങ് വൈകിച്ചു. പോളിങ് വൈകിപ്പിച്ചതിന് പിന്നിൽ വൻഗൂഢാലോചനയുണ്ടെന്നാണ് യുഡിഎഫ് ആരോപണം.

English Summary:

Four persons said that though they got token they could not vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com