ADVERTISEMENT

തിരുവനന്തപുരം∙ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പ് വച്ചിരിക്കുന്നത്. ബില്ലുകൾ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാനത്ത് സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ ഗവര്‍ണറുടെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായിരിക്കുകയാണ്. 

ഭൂപതിവ് നിയമ ഭേദഗതി  ബില്ലില്‍ ഒപ്പു വയ്ക്കാത്തതിന്റെ പേരില്‍ മുന്‍ മന്ത്രി എം.എം.മണി ഗവര്‍ണറെ രൂക്ഷമായ ഭാഷയില്‍ ആക്ഷേപിച്ചിരുന്നു. ഗവര്‍ണറുടെ ഇടുക്കി സന്ദര്‍ശന വേളയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. 

ഭൂപതിവ് നിയമ ഭേദഗതി ബില്ലിനെതിരെ ഗവര്‍ണര്‍ക്കു ലഭിച്ച പരാതികള്‍ 4 മാസം മുന്‍പ് സര്‍ക്കാരിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇതിനുള്ള മറുപടി ചീഫ് സെക്രട്ടറി രാജ്ഭവനില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഈ ബില്‍ ഇടുക്കി ജില്ലയെ മാത്രം ലക്ഷ്യമാക്കി പാസാക്കിയതല്ലെന്നും കേരളത്തെ മൊത്തം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള ബില്‍ ആണെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

പരാതികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തൃപ്തികരമായ മറുപടി നല്‍കിയാല്‍ ബില്ലിന് അംഗീകാരം നല്‍കാമെന്ന നിലപാടിലേക്ക് ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തിയിരുന്നു. ബില്‍ സംബന്ധിച്ചു സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി മാസങ്ങളായിട്ടും മറുപടി ലഭിച്ചില്ലെന്ന് 3 തവണ രാജ്ഭവന്‍ ഓര്‍മപ്പെടുത്തിയെങ്കിലും വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. നിയമസഭ പാസാക്കിയ ബില്ലിനെക്കുറിച്ച് ഗവര്‍ണര്‍ സംശയം ചോദിക്കേണ്ട കാര്യമില്ലെന്നും ഒപ്പിട്ടു നല്‍കിയാല്‍ മതി എന്നുമുള്ള നിലപാടാണ് സര്‍ക്കാരും മന്ത്രിമാരും സ്വീകരിച്ചത്. ബില്ലിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുകയായിരുന്നു. 

ഭൂമി തരം മാറ്റുന്നതിനുള്ള അധികാരം ആര്‍ഡിഒമാര്‍ക്കു പുറമേ ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കു കൂടി നല്‍കാനുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്ലിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി.

English Summary:

Kerala Governor Arif Mohammad Khan signed all Five bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com