കെ.ക.ശൈലജയ്ക്കെതിരായ വർഗീയവിദ്വേഷ പ്രചരണം യുഡിഎഫ് തുടരുന്നു: പി.മോഹനൻ
Mail This Article
കോഴിക്കോട്∙ വടകര മണ്ഡലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ കെ.കെ.ശൈലജയ്‌ക്കെതിരെ നടത്തിയ വർഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തിരഞ്ഞെടുപ്പിനു ശേഷവും തുടർന്നുകൊണ്ടുപോകാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നതെന്ന് സിപിഎം ജില്ലാസെക്രട്ടറി പി.മോഹനൻ. വ്യാജ വിഡിയോകളും വ്യാജ ചിത്രങ്ങളും പ്രചരിപ്പിച്ച് കെ.കെ.ശൈലജയെ തുടർച്ചയായി അപമാനിക്കുകയാണ് യുഡിഎഫ് എന്നും മോഹനൻ പറഞ്ഞു.
എൽഡിഎഫ് മുന്നേറ്റം യുഡിഎഫ് കേന്ദ്രങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നത് സ്വാഭാവികമാണ്. സംഘപരിവാറുകാരിയുമായി കെ.കെ.ശൈലജയെ താരതമ്യപ്പെടുത്തിയുള്ള അധിക്ഷേപ പോസ്റ്റ് യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഇട്ടതും ഇതിന്റെ ഭാഗമാണെന്നും മോഹനൻ പറഞ്ഞു.
വടകരയിലെ സമുദായ സൗഹാർദ്ദത്തെയും സമാധാനത്തെയും തകർക്കാനുള്ള വർഗീയനീക്കം പൊറുപ്പിക്കാവുന്നതല്ല. ഇടതുപക്ഷവുമായി അടുക്കുന്ന മുസ്‌ലിം സമുദായധാരകളെ സാമുദായിക ധ്രുവീകരണമുണ്ടാക്കി തടയാൻ കഴിയുമോയെന്ന കുടിലബുദ്ധിയാണ് വർഗീയപ്രചരണങ്ങളിലേക്ക് യുഡിഎഫിനെ എത്തിച്ചതെന്നും മോഹനൻ പറഞ്ഞു.