56 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത്: യാത്രക്കാരനും സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ 6 അംഗ സംഘവും അറസ്റ്റില്‍
Mail This Article
മലപ്പുറം∙ ഖത്തറില്‍നിന്ന് കേരളത്തിലേക്കു 56 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യാത്രക്കാരനും ഇയാളുടെ അറിവോടെ ഈ സ്വർണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 6 പേരടങ്ങുന്ന ക്രിമിനല്‍ സംഘത്തെയും വിമാനത്താവള പരിസരത്തു വച്ച് പൊലീസ് പിടികൂടി.
ഖത്തറില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന കുറ്റ്യാടി ലബീബ് എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വര്‍ണം കടത്തികൊണ്ടു വരുന്നുണ്ടെന്നും അത് കവര്‍ച്ച ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘം വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശീധരന്‍ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിനു പുറത്ത് മറ്റൊരു കാറില്‍ പാനൂര്‍ സ്വദേശികളായ അജ്മല്‍ (36), മുനീര്‍ (34), നജീബ് (45), എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചത്.
കോഴികോട് കുറ്റ്യാടി സ്വദേശിയായ ഫസല്‍ എന്നയാളാണ് സ്വര്‍ണവുമായി വരുന്ന യാത്രക്കാരന്‍റെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയത്. തുടര്‍ന്ന് പാനൂര്‍ സ്വദേശി അജ്മലിന്റെ നേതൃത്വത്തില്‍ രണ്ട് കാറുകളിലായി 6 പേരടങ്ങുന്ന സംഘം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
അതേസമയം, കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് കടത്ത് സ്വര്‍ണവുമായി വിമാനത്താവളത്തിനു പുറത്തെത്തിയ കുറ്റ്യാടി സ്വദേശി ലബീബ് (19) പൊലീസ് പിടിയിലായി. ഇയാൾ പൊലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്തറിഞ്ഞ കവര്‍ച്ചാസംഘത്തിലെ മൂന്ന് പേര്‍ പദ്ധതി ഉപേക്ഷിച്ച് കാറില്‍ കടന്നുകളയുകയായിരുന്നു. ഇതോടെ കവര്‍ച്ചാ സംഘത്തെ പിന്തുടര്‍ന്ന പൊലീസ് കണ്ണൂര്‍ ചൊക്ലിയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്തു തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്.
കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട അഖിലേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഒന്നര കോടി രൂപ കവര്‍ച്ച ചെയ്ത ഹൈവേ റോബറി കേസില്‍ അറസ്റ്റിലായി ഉപാധികളോടെ കോടതി ജാമ്യത്തില്‍ വിട്ടയച്ചയാളാണ്. ലബീബ്, അഖിലേഷ്, നിധിന്‍, മുജീബ്, നജീബ്, മുനീര്‍, അജ്മല്‍ എന്നിവരെയും പിടിച്ചെടുത്ത സ്വര്‍ണവും മഞ്ചേരി ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കും. ലബീബിനെതിരെയുള്ള തുടര്‍ നടപടികള്‍ക്കായി പ്രിവന്‍റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നതാണ്.