ADVERTISEMENT

തൃശൂർ ∙ ചില്ലറയില്ലാത്തതിനാൽ, കയ്യിലാകെയുണ്ടായിരുന്ന 500 രൂപ നോട്ട് ബസ് കണ്ടക്ടർക്കു നീട്ടുമ്പോൾ പവിത്രനെന്ന പാവം മനുഷ്യൻ അറിഞ്ഞിരുന്നില്ല, അതു തന്റെ മരണത്തിലേക്കുള്ള ടിക്കറ്റിനാണെന്ന്. ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ബസ് കണ്ടക്ടറുടെ മർദനമേറ്റ എട്ടുമന മുറ്റിച്ചൂർ പവിത്രൻ (68) ഒരു മാസത്തെ ആശുപത്രിവാസത്തിനൊടുവിൽ മരിച്ചു. ഹൃദ്രോഗിയായ പവിത്രനെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെയാണ് തൃശൂർ– കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷ് മർദിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. രതീഷ് റിമാൻഡിലാണ്.

ഏപ്രിൽ രണ്ടിന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം. തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പിൽ ഇറങ്ങാനായി കരുവന്നൂർ രാജ സ്റ്റോപ്പിൽ നിന്നാണു പവിത്രൻ ബസിൽ കയറിയത്. 10 രൂപ നൽകിയപ്പോൾ ടിക്കറ്റിനു 13 രൂപയാണെന്നു പറഞ്ഞതോടെ കയ്യിൽ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നൽകിയതാണു കണ്ടക്ടറെ പ്രകോപിപ്പിച്ചത്. ബാക്കി നൽകിയ തുകയിൽ കുറവു കണ്ട് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. പവിത്രന് ഇറങ്ങേണ്ടിടത്തു നിർത്താതിരുന്ന ബസ് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോൾ കണ്ടക്ടർ പവിത്രനെ ചവിട്ടി താഴെയിടുകയായിരുന്നെന്നു യാത്രക്കാർ പറഞ്ഞു.

റോഡിൽ തലയിടിച്ചാണു വീണത്. പിന്നാലെ പുറത്തിറങ്ങിയ കണ്ടക്ടർ തല പിടിച്ചു കല്ലിൽ ഇടിക്കുകയും മർദനം തുടരുകയും ചെയ്തതായും സഹയാത്രികർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു കണ്ടക്ടറെ പിടിച്ചുമാറ്റിയത്. ഇവർ ബസ് തടഞ്ഞിടുകയും ചെയ്തു. സാരമായി പരുക്കേറ്റ പവിത്രൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സിസിയുവിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴുത്തിലെ എല്ലു പൊട്ടിയതായി ആശുപത്രി അധികൃതർ അറിയിച്ചു. തലയിൽ 6 തുന്നലിടേണ്ടിവന്നിരുന്നു.

English Summary:

Passenger died after a private bus conductor was trampled and hit his head on a stone- follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com