നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം, രാജസ്ഥാനിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികളടക്കം അഞ്ചുപേർ അറസ്റ്റിൽ
Mail This Article
ജയ്പുർ ∙ ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് മൂന്ന് എംബിബിഎസ് വിദ്യാർഥികളടക്കം അഞ്ചുപേർ അറസ്റ്റിൽ. പരീക്ഷാർഥിക്കു പകരം പരീക്ഷയെഴുതാനെത്തിയ എംബിബിഎസ് വിദ്യാർഥിയും സഹായികളുമാണ് രാജസ്ഥാനിലെ ഭരത്പുരിൽ പിടിയിലായത്.
പത്തു ലക്ഷം രൂപ വാങ്ങിയാണ് ഇയാൾ പരീക്ഷയെഴുതാനെത്തിയതെന്നാണ് വിവരം. ഡോ. അഭിഷേക് ഗുപ്ത (23), ഡോ. അമിത് ജാട്ട്, ഡോ. രവികാന്ത്, സൂരജ് കുമാർ, രാഹുൽ ഗുർജാർ എന്നിവരാണ് അറസ്റ്റിലായത്. ഭരത്പുരിലെ മാസ്റ്റർ അദിതേന്ദ്ര സ്കൂളിലാണ് ആൾമാറാട്ടം നടന്നത്. രാഹുൽ ഗുർജാറിനു പകരം പരീക്ഷയെഴുതാനെത്തിയതായിരുന്നു അഭിഷേക്.
പരീക്ഷാ ഹാളിലെ ഇൻവിജിലേറ്റർക്കു സംശയം തോന്നി അഭിഷേകിന്റെയും രാഹുലിന്റെയും ഫോട്ടോകൾ പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം വ്യക്തമായത്. ഇൻവിജിലേറ്റർ ഉടൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി അഭിഷേകിനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരുടെ പങ്ക് വ്യക്തമായത്. ഉടൻതന്നെ പൊലീസ് അവരെയും പിടികൂടി.
പത്തു ലക്ഷം രൂപ പ്രതിഫലത്തിനാണ് അഭിഷേക് പരീക്ഷയെഴുതാനെത്തിയതെന്നും ഇതിൽ ഒരു ലക്ഷം രൂപ മുൻകൂർ വാങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.