‘മതാടിസ്ഥാനത്തിലുള്ള സംവരണമല്ല ഉദ്ദേശിച്ചത്’: വിവാദത്തിൽ വിശദീകരണവുമായി ലാലു
Mail This Article
പട്ന ∙ മുസ്‌ലിംകൾക്കു ‘പൂർണ സംവരണം’ നൽകണമെന്ന പരാമർശത്തിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വിശദീകരണം നൽകി. മതത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല, സാമൂഹിക അടിസ്ഥാനത്തിലുള്ള സംവരണമാണ് താൻ ഉദ്ദേശിച്ചതെന്നു ലാലു വ്യക്തമാക്കി. സംവരണം നിർത്തലാക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ലാലു ആരോപിച്ചു.
മുസ്‌ലിംകൾക്കു ‘പൂർണ സംവരണം’ നൽകണമെന്ന ലാലുവിന്റെ പരാമർശം വിവാദമായിരുന്നു. പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്കു നൽകാനാണു ലാലു ലക്ഷ്യമിടുന്നതെന്നു മോദി പ്രതികരിച്ചു. ലാലുവിന്റെ വോട്ടുബാങ്ക് പ്രീണന നീക്കം അനുവദിക്കില്ലെന്നും മോദി പറഞ്ഞു. ലാലുവിന്റെ പരാമർശം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും മണ്ഡൽ കമ്മിഷൻ ശുപാർശകൾക്കും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ കുറ്റപ്പെടുത്തി.