കർഷക ധനസഹായം: രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
ഹൈദരാബാദ് ∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കർഷകർക്കുള്ള ധനസഹായ പദ്ധതിയെ കുറിച്ച് തിരഞ്ഞെടുപ്പ് റാലിയിൽ പരാമർശിച്ചെന്നാണ് ആരോപണം. റാബി വിളവെടുപ്പുമായി ബന്ധപ്പെട്ട് ‘റായ്തു ഭറോസ പദ്ധതി’ക്കു കീഴിൽ കർഷകർക്കു നൽകുന്ന ധനസഹായം മേയ് 9നു മുൻപ് വിതരണം ചെയ്യുമെന്നാണ് രേവന്ത് പ്രഖ്യാപിച്ചത്.
അതേസമയം, പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പണം തെലങ്കാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന മേയ് 13നു ശേഷമേ നൽകാവൂ എന്നു കമ്മിഷൻ അറിയിച്ചു. 2023ലെ റാബി വിളവെടുപ്പുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള പണമാണ് ഇപ്പോൾ ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത്. ഒക്ടോബർ–ജനുവരി മാസങ്ങളിലാണ് കഴിഞ്ഞ അഞ്ചു വർഷമായി ഇത് വിതരണം ചെയ്തിരുന്നതെന്നും മേയിൽ തന്നെ വിതരണം ചെയ്യുന്നതിൽ യാതൊരു പ്രസക്തിയുമില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.