കഞ്ചിക്കോട്ട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു, ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടം
Mail This Article
പാലക്കാട്∙ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ആന ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം–ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
ഇടിയേറ്റ പിടിയാന എഴുന്നേറ്റ് മുന്നോട്ട് നീങ്ങിയെങ്കിലും പിന്നീട് സമീപത്തുള്ള കുഴിയിലേക്ക് വീണു. ആനയ്ക്ക് അപകടത്തിൽ ഗുരുതരമായ പരുക്കേറ്റിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇതേസ്ഥലത്ത് കഴിഞ്ഞ മാസം 10ന് ആനയെ ട്രെയിനിടിച്ചിരുന്നു. പരുക്കേറ്റ ആന ചികിത്സയിലിരിക്കെ ചരിഞ്ഞു.
കഞ്ചിക്കോടിനും വാളയാറിനുമിടയിൽ ട്രെയിനിടിച്ച് ആന ചരിയുന്നത് പതിവായിരുന്നു. ആനയ്ക്കായി അടിപ്പാതകൾ നിർമിച്ചും സിസിടിവി ക്യാമറകൾ സ്ഥാപിച്ചും അപകടങ്ങൾ ഒരുപരിധി വരെ കുറയ്ക്കാൻ സാധിച്ചിരുന്നു. വേനൽ കടുത്തതോടെ കുടിവെള്ളം അന്വേഷിച്ച് ജനവാസ മേഖലയിലേക്ക് കാട്ടാനകളെത്താൻ തുടങ്ങിയതോടെയാണ് വീണ്ടും അപകടം റിപ്പോർട്ട് ചെയ്തുതുടങ്ങിയത്.
ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞത് ഗൗരവതരമായ കാര്യമാണെന്നും ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. 20 കിലോമീറ്ററാണ് പാതയിലെ നിഷ്കർഷിച്ച വേഗത. ട്രെയിൻ അമിത വേഗത്തിലായിരുന്നു. റെയിൽവേയും വനം വകുപ്പും ചേർന്ന് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.