പ്രണയപ്പകയിൽ വിഷ്ണുപ്രിയയുടെ ജീവനെടുത്തു; കോടതി വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി
Mail This Article
കണ്ണൂര്‍ ∙ കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. പ്രണയാഭ്യർഥന നിരസിച്ചതിനു പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ 22നായിരുന്നു സംഭവം.
2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുൻപാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളാണുള്ളത്. അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്. വൈകാതെ മരണം സംഭവിച്ചു.
‘തനിക്ക് 25 വയസ്സായതേ ഉള്ളൂ, 14 വര്‍ഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോള്‍ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’ എന്നായിരുന്നു പിടിയിലായ സമയത്ത് ശ്യാംജിത്തിന്‍റെ പ്രതികരണം.