ADVERTISEMENT

ഹൈദരാബാദ്∙ മൂന്നാം തവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘‘മോദിജിക്ക് 75 വയസ് തികയുന്നതിൽ കേജ്‌രിവാളും ഇന്ത്യാ സഖ്യവും സന്തോഷിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. മോദിജി വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യും.’’– അമിത് ഷാ പറഞ്ഞു.

കേജ്‍രിവാളിന് മറുപടിയുമായി ബിജെപി വക്താവ് സുധാംശു ത്രിവേദിയും രംഗത്തെത്തി. മദ്യപിച്ചാല്‍ നിയന്ത്രണം നഷ്ടമായി ചിലര്‍ സത്യം പറയുമെന്ന് ത്രിവേദി പരിഹസിച്ചു. ഇത്തവണ മോദി തന്നെയാകും അധികാരത്തില്‍ വരികയെന്ന് കേജ്‌രിവാള്‍ സമ്മതിച്ചിരിക്കുന്നു. താന്‍ വീണ്ടും ജയിലില്‍ പോയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറയുന്നില്ലെന്നും സുധാംശു ത്രിവേദി പറഞ്ഞു.

നരേന്ദ്ര മോദി വീണ്ടു പ്രധാനമന്ത്രിയായാൽ അടുത്ത വർഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്നും പകരം അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു കേജ്‌രിവാളിന്റെ പ്രസ്താവന. ‘‘ജനങ്ങൾ ഇന്ത്യാ സഖ്യത്തോട് ചോദിക്കുന്നത്, ആരാണ് ഞങ്ങളുടെ പ്രധാനമന്ത്രിയെന്ന്. ഞാൻ ബിജെപിയോട് ചോദിക്കുന്നു ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി? ഈ സെപ്റ്റംബർ 17ന് മോദിക്ക് 75 വയസ്സ് തികയുകയാണ്. 75 വയസ്സായാൽ പാർട്ടിയിലെ നേതാക്കൾ വിരമിക്കണമെന്നാണ് മോദിയുടെ ചട്ടം.

‘‘എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ എന്നിവർക്ക് നിർബന്ധിത വിരമിക്കലായിരുന്നു. മോദി സെപ്റ്റംബർ 17 ന് വിരമിക്കാൻ പോകുന്നു. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് സിങ് ചൗഹാൻ, വസുന്ധര രാജെ, എം.എൽ.ഖട്ടർ, രമൺ സിങ് എന്നിവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. അടുത്തത് യോഗി ആദിത്യനാഥാണ്. ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2 മാസത്തിനകം ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ മാറ്റും. അമിത് ഷായ്ക്ക് വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്. മോദിയുടെ ഗ്യാരന്റി അമിത് ഷാ നടപ്പാക്കുമോ?’’– കേജ്‌രിവാൾ ചോദിച്ചു.

English Summary:

'Even if Modi turns 75, he will become PM': Amit Shah's reply to Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com